ഒരു കി.മി യാത്രക്ക് ബൈക്കിന് ചെലവ് 10 പൈസ, ഓട്ടോയ്ക്ക് 50 പൈസ, കാറിന് 1 രൂപ

മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കുതിച്ചുയരുന്ന ഇന്ധനവില ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാൻ ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്നു. ജില്ലയിൽ വ്യാപകമായി ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തോടെ, ജില്ലയിൽ ഇലക്ട്രിക് വാഹന വിപണി സജീവമായി. 

ഇ– ഓട്ടോ:1 കിലോമീറ്ററിന് വെറും 50 പൈസ

ഇലക്ട്രിക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്കു ജില്ലയിൽ പ്രിയമേറുന്നു. രണ്ടു വർഷം മുൻപാണു ഇലക്ട്രിക് ഓട്ടോകൾ ജില്ലയിൽ ഓടിത്തുടങ്ങിയത്. നിലവിൽ ഒട്ടേറെപ്പേർ ഇതിലേക്കു മാറിത്തുടങ്ങി. ഓട്ടോ, ഗുഡ്സ്, ഡെലിവറി വാൻ  വിഭാഗത്തിൽ മഹീന്ദ്ര ട്രിയോ വാഹനങ്ങളോടാണു പ്രിയം. ഓട്ടോ ഒറ്റത്തവണ ചാർജ് ചെയ്താൽ 130 കി.മീറ്റർവരെ ഓടാം. മൂന്നര മണിക്കൂർ കൊണ്ട് വീട്ടിൽ തന്നെ ചാർജ് ചെയ്യാം. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് മെയിന്റനൻസ് ചാർജ് കുറവാണ്.

മൂന്നു ലക്ഷത്തോളമാണു വില. ഒരു കിലോ മീറ്റർ ഓടാൻ 50 പൈസ മാത്രമാണു ചെലവു വരുന്നത്. ഗുഡ്സ് വാഹനങ്ങൾ 3.45 മണിക്കൂർ ചാർജ് ചെയ്താൽ 120 കി.മീറ്റർ വരെ ഓടാം. 3.15 ലക്ഷമാണു ഷോറൂം വില. 550 കിലോ ഭാരം വരെ വഹിക്കും. ഡെലിവറി വാനിനു 3.44 ലക്ഷം വരെയാണ് വില. പാസഞ്ചർ ഓട്ടോയ്ക്കു 30000 രൂപവരെ നികുതിയിളവുണ്ട്. ഓടിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമില്ല.

ഇ– ബൈക്ക് സിംപിളാണ്, പവർ ഫുള്ളും

∙ ഒറ്റ കിലോ മീറ്റർ യാത്ര ചെയ്യാൻ വെറും 10 പൈസ. തള്ളുന്നതിൽ ഒരു മയമൊക്കെ വേണ്ടേയെന്ന കളിയാക്കൽ വേണ്ട. ജെമോപൈ റജിസ്റ്റേഡ് ഇലക്ട്രിക് ബൈക്കിൽ 10 പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാം. 4 മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. അതുവച്ച് 160 കി.മീറ്റർ വരെ സഞ്ചരിക്കാം. വില തൊണ്ണൂറായിരം മുതൽ 1.15 ലക്ഷം വരെ.

പരമാവധി വേഗത 65 കി.മീറ്റർ വരെയാണ്. പുള്ളിങ്ങിനെക്കുറിച്ച് ആശങ്ക വേണ്ട. രണ്ടാളെവച്ച് ഏതു കയറ്റവും ഈസിയായി കയറിപ്പോകും. ഏതു കാലാവസ്ഥയിലും അടിപൊളിയായി യാത്ര ചെയ്യാം. ഒറ്റത്തവണ ഫുൾ ചാർജാകാൻ 3 യൂണിറ്റ് വൈദ്യുതി മതി. റോഡ് സൈഡ് അസിസ്റ്റൻസും ലഭ്യം. 

ഇലക്ട്രിക് കാർ ഡബിൾ സ്ട്രോങ് 

∙ എംജി മോട്ടോഴ്സിന്റെ ഇലക്ട്രിക് കാറുകൾ  ഇപ്പോൾ ജില്ലയിലും ലഭ്യം.  ഒരു കിലോ മീറ്റർ യാത്ര ചെയ്യാൻ ചെലവ് ഒരു രൂപയിൽ താഴെ മാത്രം. ഒറ്റത്തവണ മുഴുവനായി ചാർജ് ചെയ്താൽ 419 കിലോ മീറ്റർ വരെ യാത്ര ചെയ്യാം. മെയിന്റനൻസ് ചെലവുകൾ ഓർത്ത് തലപുകയ്ക്കേണ്ടതില്ല. ഇതിനെല്ലാം പുറമേ, യൂറോ എൻസിഎപി ഫൈവ് സ്റ്റാർ  സേഫ്റ്റി റേറ്റിങ്ങും വാഹനങ്ങൾക്കുണ്ട്.

വീടുകളിൽ നിന്നു ചാർജ് ചെയ്യുകയാണെങ്കിൽ മുഴുവനായി ചാർജാകാൻ 6-8 മണിക്കൂർ വേണം. പോർട്ടബിൾ ചാർജറിൽ 15-16 മണിക്കൂറെടുക്കും. എന്നാൽ, പെട്രോൾ പമ്പുകൾ പോലെ, പുറത്തു നിന്നു ചാർജ് ചെയ്യുന്ന സംവിധാനം വന്നാൽ വെറും ഒരു മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. ശബ്ദ കോലാഹലങ്ങളുടെ അകമ്പടിയില്ലാതെ, ഏതു കാലാവസ്ഥയിലും രാജകീയമായി യാത്ര ചെയ്യാം. 

തദ്ദേശ സ്ഥാപനങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ

മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ മനസ്സു വച്ചാൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ അനെർട്ട് സഹകരണത്തോടെയുള്ള  സ്റ്റേഷനുകൾ യാഥാർഥ്യമാകും. 4 നഗരസഭകളിലും 14 പഞ്ചായത്തുകളിലും ഇലക്ട്രിക്  ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള ആലോചനകളാണ് നടന്നത്. മന്ത്രി കെ.കൃഷ്ണൻകുട്ടി പി.ഉബൈദുല്ലയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയി‍ൽ പറഞ്ഞ കെഎസ്ഇബിക്കു കീഴിലെ 8 ചാർജിങ് സ്റ്റേഷനുകൾക്കു പുറമേയാണ് ഇത്രയും അനെർട്ട് പദ്ധതികൾ.

അതേസമയം സ്റ്റേഷനുകൾക്ക് സ്ഥലം ഉപയോഗിക്കാനുള്ള അനുമതി നൽകാ‍ൻ തദ്ദേശ സ്ഥാപനങ്ങൾ വൈകുന്നതു മൂലം പദ്ധതിയും നീണ്ടു പോകുന്നു. ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതു കൂടുതൽ എളുപ്പമാകും. കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കൽപ്പകഞ്ചേരി, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, വള്ളിക്കുന്ന്, പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, വെട്ടം, തലക്കാട്, എടപ്പാൾ, ആലങ്കോട് എന്നീ പഞ്ചായത്തുകളിൽ ചാർജിങ് സ്റ്റേഷൻ നിർമിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. 

സ്വകാര്യ സ്റ്റേഷനുകൾ

∙ ജില്ലയിൽ 16 സ്വകാര്യ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാനുള്ള അപേക്ഷകളാണ് അനെർട്ടിന് ഇതുവരെ ലഭിച്ചത്. ഇവിടെ 2 തരം പദ്ധതികളുണ്ട്. അനെർട്ടിന് കീഴിലുള്ള ചാർജിങ് സ്റ്റേഷന് 10 വർഷത്തേക്ക് ഭൂമി വാടകയ്ക്കു വിട്ടു നൽകാം. യൂണിറ്റിന് 70 പൈസ നിരക്കിൽ സ്ഥല ഉടമയ്ക്കു വാടക ലഭിക്കും. മുതൽമുടക്കാൻ തയാറാണെങ്കിൽ സ്വകാര്യ വ്യക്തികൾക്ക് സ്വന്തം സ്ഥലത്ത് ചാർജിങ് സ്റ്റേഷൻ അനെർട്ട് സ്ഥാപിച്ചു നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് അനെർട്ട് ജില്ലാ ഓഫിസുമായി ബന്ധപ്പെടുക. 0483 -2730999.