മഹാരാഷ്ട്രയിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; ഷിൻഡെയുടെ വലിയ നീക്കം

മഹാരാഷ്ട്രയില്‍ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കുറച്ച് പുതിയതായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെ സർക്കാർ. പുതിയ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് തീരുമാനം പ്രഖ്യാപിച്ചത്. 

പെട്രോളിനും ഡീസലിനും വിലകുറച്ചതോടെ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.35 രൂപയായി കുറയും. നേരത്തെയിത് 111.35 രൂപയായിരുന്നു. ഡീസൽ വില ലിറ്ററിന് 97.28 രൂപയിൽ നിന്ന് 3 രൂപ കുറഞ്ഞ് 94.28 രൂപയാകും.

മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് പ്രതിവര്‍ഷം 6,000 കോടി രൂപ നഷ്ടമുണ്ടാക്കുമെന്നും എന്നാല്‍ ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയ്ക്കുമെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. "ഇന്ധനവില കുറയ്ക്കുന്നതിനായി കേന്ദ്രസർക്കാർ മെയ് മാസത്തിൽ എക്സൈസ് തീരുവ കുറച്ചപ്പോൾ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മുൻ സംസ്ഥാന സർക്കാർ ചെയ്തില്ല. ഞങ്ങൾ ഇപ്പോൾ ആ നടപടി സ്വീകരിച്ചു," അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചയുടൻ, ഇന്ധനത്തിന്റെ വാറ്റ് തീരുവ കുറയ്ക്കുമെന്ന് ഷിൻഡെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ശിവസേന-ബിജെപി സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.