പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിൽ കുറവ്; ‍ഡ‍ീസൽ 3.2 ശതമാനം കുറവ്

സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിവാക്കി രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലും കുറവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില്‍പന ഇടിഞ്ഞു. ഇന്ത്യയിലെ ഇന്ധന ഉപഭോഗം പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വ്യക്തമാക്കി

സെപ്തംബര്‍ മാസത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പന 16.01 ദശലക്ഷം ടണ്ണായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16.06 ദശലക്ഷം ടണ്ണായിരുന്നു വില്‍പന.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്‍റെ വില്‍പനയിലാണ് വലിയ തോതില്‍  ഇടിവുണ്ടായി. ഡീസല്‍ വില്‍പന 3.2 ശതമാനം കുറഞ്ഞ് 5.8 ദശലക്ഷം ടണ്ണായി. റോഡ് നിര്‍മാണത്തിനുളള ടാറിന്‍റെ ഉപയോഗം 7.3 ശതമാനം കുറഞ്ഞ് 3,43,000 ടണ്ണായി. നാഫ്തയുടെ വില്‍പനയും കുറഞ്ഞു. വിമാന ഇന്ധന വില്‍പന 1.6 ശതമാനം കുറഞ്ഞ് 6,60,000 ടണ്ണായി. മണ്ണെണ്ണയുടെ വില്‍പനയില്‍ 38 ശതമാനം ഇടിവും രേഖപ്പെടുത്തി. അതേ സമയം പെട്രോള്‍ വില്‍പന 6.2 ശതമാനം കൂടി. എല്‍പിജിയുടെ ഉപഭോഗം 6 ശതമാനവും കൂടിയിട്ടുണ്ട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഇന്ധന ഉപഭോഗ അനുമാനം ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. 2021 വരെ 4.6 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത് 3.8 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടാകൂ എന്ന് ഫിച്ച് വ്യക്തമാക്കി