ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ലുലു ഗ്രൂപ്പ്

ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനുള്ള എത്തിഹാദ് എയര്‍വേയ്സിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ലുലു ഗ്രൂപ്പ് മേധാവി എം.എ.യുസഫലി. ഏറ്റെടുക്കല്‍ വിജയിച്ചാല്‍ യൂസഫലി എത്തിഹാദിന്റെ ഇന്ത്യന്‍ പങ്കാളിയായേക്കുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റിന് ഏറെ നിര്‍ണായകമാണ് എത്തിഹാദുമായുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍. യൂസഫലിയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോകകയും ചെയ്തിട്ടുണ്ട്. 2013ല്‍ എത്തിഹാദ്, ജെറ്റ് എയര്‍വേയ്സിന്റെ 24 ശതമാനം ഓഹരികള്‍ വാങ്ങിയ ഇടപാടില്‍, നിര്‍ണായക സ്ഥാനം വഹിച്ചതും യൂസഫലിയായിരുന്നു. 2,069 കോടി രൂപയുടേതായിരുന്നു അന്നത്തെ ഇടപാട്. യുഎഇ രാജകുടുംബവുമായുള്ള യൂസഫലിയുടെ ബന്ധമാണ്, അദ്ദേഹത്തെ ചര്‍ച്ചകളുടെ ഇടനിലക്കാരനാക്കുന്നത്. യുഎഇ പ്രസിഡന്റ് ഖാലിഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ ഈ രാജകുടുംബാംഗമാണ്. അബുദബി സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ് എത്തിഹാദ് എയര്‍വേയ്സ്. 

വിദേശ നിക്ഷേപകന് ഇന്ത്യയിലെ ഒരു വ്യോമയാന കമ്പനിയില്‍ പരമാവധി 49 ശതമാനം പങ്കാളിത്തമേ ആകാവൂ. ഈ സാഹചര്യത്തിലാണ് യൂസഫലിയെ എത്തിഹാദിന്റെ ഇന്ത്യന്‍ പങ്കാളിയാക്കി ജെറ്റില്‍ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കേണ്ടി വരുന്നതെന്ന് മണികണ്‍ട്രോള്‍ പറയുന്നു. നാല്‍പത്തൊമ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനായ യൂസഫലി വ്യോമയാന മേഖലയില്‍ ഇതിനോടകം തന്നെ സജീവമാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും പുതുതായി തുടങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെയും ഓഹരി പങ്കാളിയാണ് അദ്ദേഹം.