യുപിയിലെ ലുലുമാൾ ബഹിഷ്കരിക്കണമെന്ന് ഹിന്ദു മഹാസഭ; പുതിയ പ്രചാരണം

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ജൂലൈ 11നാണ് ലുലു മാൾ ഉദ്ഘാടനം ചെയ്തത്. യുപിയിലെ ഏറ്റവും വലിയ മാൾ കൂടിയാണിത്. എന്നാൽ കഴിഞ്ഞ ദിവസം മാളിനുള്ളിൽ ചിലർ നമസ്‌കാരം നടത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചു.

വിഡിയോ വൈറലായതോടെ ഒരു മാളിൽ എങ്ങനെ മതപരമായ പ്രവർത്തനങ്ങൾ നടത്തുമെന്ന ചോദ്യങ്ങളാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്നത്. നേരത്തെയും ലുലു മാൾ ഇത്തരം വിവാദങ്ങളിൽ പെട്ടിട്ടുണ്ടെന്ന് ഹിന്ദു മഹാസഭ ആരോപിക്കുന്നു. മുസ്‌‌ലിം പള്ളിയായി ഉപയോഗിക്കുന്ന എല്ലാ മാളുകളിലും നടപടിയെടുക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിയെടുക്കണം. മാത്രമല്ല എല്ലാ ഹിന്ദുക്കളും മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. 

'ലുലു മാളിലെ തുറന്ന സ്ഥലത്ത് വെച്ചാണ് ആളുകൾ നമസ്‌കരിച്ചത്. മാളിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചുവെന്നാണ് ഈ വിഡിയോ തെളിയിക്കുന്നത്. പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ലുലു മാൾ ഇപ്പോൾ അതിന്റെ യഥാർത്ഥ നിറം കാണിക്കുന്നു. ചൂഷണങ്ങളുടെ പേരിൽ ഈ മാൾ ഇതിനകം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.ഇപ്പോൾ യുപിയിലും ഇത് ചെയ്യുന്നു.' ഹിന്ദു മഹാസഭ നേതാവ് ശിശിർ ചതുർവേദി പറഞ്ഞു. ഇനിയും നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം മാളിൽ വായിക്കുമെന്നാണ് നമസ്കാര വിഡിയോ പങ്കുവെച്ചു ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി കുറിച്ചത്. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി ലഖ്‌നൗ ലുലു മാളിന്റെ അധികൃതരും രംഗത്തെത്തി. വിഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണമെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറലായ വിഡിയോ അടിസ്ഥാനമാക്കി ലുലു മാളിനെതിരെ സംഘടന ലഖ്‌നൗ പോലീസിൽ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്.