നിസ്കാരവും ജപവും വേണ്ട; മതപരമായ പ്രാർഥനകൾ വിലക്കി ലക്നൗ ലുലുമാൾ

ലക്നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ ആളുകൾ നമസ്‌കരിക്കുന്നതിന്റെ  വിഡിയോ വിവാദമായതിന് പിന്നാലെ മാളിൽ മതപരമായ പ്രാർഥനകൾ അനുവദിക്കില്ലെന്ന് കാണിച്ച് ബോർഡ് പരസ്യപ്പെടുത്തി.  മാളിനുള്ളിൽ പലയിടത്തും ഇത് വ്യക്തമാക്കി  അധികൃതർ നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു. അതിനിടെ, മാളിൽ ആളുകൾ നമസ്കരിക്കുന്നതിന്റെ മറ്റൊരു വിഡിയോ അഖില ഭാരത ഹിന്ദു മഹാസഭ പുറത്തിറക്കി വിഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്.  

സംഭവത്തിന് പിന്നാലെ സുന്ദരകാണ്ഡം പാരായണം ചെയ്യാൻ ശ്രമിച്ചതിന് ലുലു മാളിൽ നിന്ന് മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ ഹിന്ദു സമാജ് പാർട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചുവെന്നും  പൊലീസ് വിശദീകരിച്ചിരുന്നു..

ലുലു ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ആദ്യ മാൾ ജൂലൈ 10 നാണ് ലക്നൗവിൽ തുറന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്  ഉദ്ഘാടനം നടത്തിയത്. ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫ് അലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയാണ് മാളിനുള്ളിലെ നിസ്കാര വിഡിയോ പ്രത്യക്ഷപ്പെടുന്നതും തുടർന്നുള്ള വിവാദങ്ങളും.