‘കൈനിറയെ സമ്മാനം, ധനസഹായം, മോന് ചെയിന്‍; വീട്ടിൽ വന്നല്ലോ’: ബിജി പറയുന്നു

‘ഒന്നു കാണാൻ ഒരുപാട് പേർ കാത്തിരിക്കുന്ന അദ്ദേഹം കൈനിറയെ സമ്മാനങ്ങളുമായി ഇന്ന് ഞങ്ങളുടെ വീട്ടിൽ...’ പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജിയുടെ വാക്കുകളിൽ സന്തോഷവും അഭിമാനവും. ഹെലികോപ്ടർ അപകട സമയത്ത് തനിക്ക് തുണയായ ബിജിയെയും ഭർത്താന് രാജേഷിനെയും വീട്ടിലെത്തി നേരിട്ട് കണ്ട് നന്ദി അറിയിക്കാനാണ് പ്രമുഖ വ്യവസായി എം.എ.യൂസഫലി എത്തിയത്. ആ സന്തോഷം പങ്കുവെയ്ക്കുകയാണ് ബിജി.   'ഇന്നലെ അദ്ദേഹത്തിന്റെ മാനേജർ വിളിച്ചാണ് യൂസഫലി സർ വരുന്നുണ്ടെന്ന് അറിയിച്ചത്. ഇന്ന് രാവിലെ കാറിൽ വന്ന് വീട്ടുമുറ്റത്ത് ഇറങ്ങി. കൈനിറയെ സമ്മാനങ്ങളുമായാണ് എത്തിയത്. അദ്ദേഹത്തെ ഞങ്ങൾ സ്വീകരിച്ചു. അന്നത്തെ സംഭവത്തിന് ആദ്യം തന്നെ നന്ദി പറഞ്ഞു. പിന്നീട് കയ്യിലുള്ള സമ്മാനങ്ങളും മധുരപലഹാരങ്ങളും ഒപ്പം ധനസഹായവും നൽകി. ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനും സഹായം നൽകി. ഞങ്ങളുടെ മകന് സ്വർണത്തിന്റെ ബ്രേസ്‍ലെറ്റ് സമ്മാനമായി നൽകി. അദ്ദേഹത്തെ പോലെ ഒരാളുടെ സ്നേഹോപഹാരങ്ങൾ കിട്ടുക എന്നത് വലിയ കാര്യമാണ്.

അദ്ദേഹത്തെ ഒന്ന് കാണാനും സഹായാഭ്യർഥനയ്ക്കും ഒക്കെയായി ഒത്തിരി പേർ കാത്തിരിക്കുമ്പോൾ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ വന്നില്ലേ. ഞങ്ങളോടെല്ലാം അദ്ദേഹം സംസാരിച്ചു. അന്ന് വീടിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത്. അടുത്തുള്ള പറമ്പിലാണ് വന്ന് പതിച്ചത്. വേഗം തന്നെ എന്റെ ഭർത്താവ് അദ്ദേഹത്തെ താങ്ങി പിടിച്ച് റോഡിലേക്ക് എത്തിച്ചു. ഞാനപ്പോൾ തന്നെ സ്റ്റേഷനിൽ പോയി വിവരം അറിയിച്ചു. സ്റ്റേഷനിൽ നിന്ന് എത്തിയ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്'. ബിജിയുടെ വാക്കുകൾ.