പുതിയ നൂറ് രൂപ നോട്ടുമായി ആർബി‌ഐ; പ്രത്യേകതകൾ അറിയാം

ലാവൻഡര്‍ നിറത്തിലുള്ള പുതിയ 100 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പുറത്തിറക്കും. 2016 നോട്ട് നിരോധനത്തിനുശേഷം അവതരിപ്പിച്ച പുതുക്കിയ ഡിസൈനുകളുടെ ഭാഗമായാണു പുതിയ 100 രൂപ നോട്ടുകളുമെത്തുന്നത്. ഗുജറാത്തിലെ പ്രസിദ്ധമായ ‘റാണിയുടെ പടി കിണർ’ (റാണി കി വാവ്) ആലേഖനം ചെയ്തതാകും പുതിയ കറൻസികൾ.

നോട്ടിന്റെ അടിസ്ഥാന നിറം ലാവൻഡര്‍ ആയിരിക്കും. 66 എംഎം– 142 എംഎം അളവുകളുള്ള നോട്ടുകളിൽ നിരവധി സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കേന്ദ്രസർക്കാർ പുതിയ ഡിസൈനിലുള്ള 2000, 500, 200, 50, 10 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു. 

മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാൾ വലിപ്പമുണ്ടാകും. നിലവിലെ നൂറു രൂപ നോട്ടുകൾ പിൻവലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.