റിപ്പോ നിരക്ക് ഉയര്‍ത്തി; വായ്പാപലിശ ഉയരും; ആര്‍ബിഐയുടെ നിര്‍ണായകപ്രഖ്യാപനം

നാണ്യപ്പെരുപ്പ ഭീഷണി അതിജീവിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ നല്‍കുന്ന ഹ്രസ്വകാല വായ്പയായ റീപോ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശനിരക്ക് കൂടും. 2022–23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച ഏഴുശതമാനമായി കുറച്ചു. നടപ്പുവര്‍ഷത്തെ നാണ്യപ്പെരുപ്പ അനുമാനം 6.7 ശതമാനമായി നിലനിര്‍ത്തി. 

കോവിഡ് പ്രതിസന്ധി, യുക്രെയ്ന്‍ യുദ്ധം ഒടുവിലായി വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തിയ സങ്കീര്‍ണ സാഹചര്യം എന്നീ വെല്ലുവിളികള്‍ കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി തീരുമാനമെടുത്തത്. റീപ്പോ നിരക്ക് തുടര്‍ച്ചയായ നാലാം തവണയും വര്‍ധപ്പിച്ചു. 50 ബേസിസ് പോയിന്‍റ് ഉയര്‍ത്തി 5.90 ശതമാനമാക്കി. ആറംഗ ധനനയ സമിതിയിലെ അഞ്ചുപേര്‍ റീപ്പോ നിരക്ക് കൂട്ടുന്നതിനെ പിന്തുണച്ചതായി ആര്‍ബി‌ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു. മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച നില്‍ക്കുന്നുവെന്ന് ആര്‍ബിെഎ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് കൂടുമെന്നും നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

വിപണയിലെ പണലഭ്യത നിയന്ത്രിക്കാന്‍ എംഎസ്എഫ് നിരക്ക് 6.15 ശതമാനമായും എസ്ഡിഎഫ് നിരക്ക് 5.65 ശതമാനമായും പരിഷ്ക്കരിച്ചു. ജിഡിപി പ്രതീക്ഷിക്കുന്നത് 7.2 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു. രണ്ടാം പാദത്തില്‍ 6.3 ശതമാനവും മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബി‌ഐ പറയുന്നു.

Governor Shaktikanta Das hikes repo rate by 50 bps, lowers GDP forecast