സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; വിപണി സജീവം

പുത്തനുടുപ്പും ബാഗും നോട്ടുബുക്കിന്റെയും വര്‍ണാഭമായ കാഴ്ചയാണ് നഗരത്തിലെവിടെയും. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുട്ടികള്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കിലാണ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയം കുറയുന്നത് ഇത്തവണത്തെ സ്കൂള്‍ വിപണിയുടെ പ്രത്യേകതയാണ്. ബന്ധുവീട്ടിലെത്തി മടങ്ങുമ്പോള്‍ മൂന്നാം ക്ലാസുകാരി ആര്‍ദ്രയ്ക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ സ്കൂള്‍ ബസാറില്‍ ഒന്നു കയറണം. പിന്നെ ഇതെല്ലാം വാങ്ങണം.

ഓരോന്നായി വാങ്ങി. എല്ലാം നല്ല ഗുണനിലവാരമുള്ള സാധനങ്ങളെന്ന് ആവര്‍ത്തിച്ച് ചോദിച്ച് ഉറപ്പാക്കി. ചേച്ചി വാങ്ങിയ സാധനങ്ങള്‍ കൂട്ടുകാരെക്കാണിക്കാന്‍ യു.കെ.ജിക്കാരിയായ അമയ്ക്കും കിട്ടണമെന്ന് നിര്‍ബന്ധം. രണ്ടുപേരും സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ വിപണിയിലെ പുത്തന്‍ സാധനങ്ങളെല്ലാം സ്വന്തമാക്കി. ഇനി പുഞ്ചിരിയോടെ മടക്കം. കുട്ടികള്‍ക്കുള്‍പ്പെടെ പ്ലാസ്റ്റിക് വിട്ട് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളോട് പ്രിയമേറുന്നത് നല്ല സൂചനയെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഓരോ കാലഘട്ടത്തിലും പ്രചാരമുള്ള സിനിമകളുടെയും കഥാപാത്രങ്ങളുടെയും വൈവിധ്യങ്ങള്‍ ഉള്‍പ്പെടുന്ന വിപണിയെന്ന പതിവ് ഇത്തവണയും തെറ്റിയിട്ടില്ല. പൂമരവും, ഒടിയനുമുള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന പേരില്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങളുമായി സ്കൂള്‍ വിപണി സജീവമായിട്ടുണ്ട്.