വിഴിഞ്ഞതിൽ സർക്കാരും അദാനി ഗ്രൂപ്പും ഇടയുന്നു; പറഞ്ഞ സമയത്ത് പണി തീർക്കാനാകില്ല

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഇടയുന്നു. കരാര്‍ പ്രകാരമുള്ള നിര്‍മാണപുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ 18.96 കോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കി. എന്നാല്‍ പദ്ധതി നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദാനി ഗ്രൂപ്പ്.

സംസ്ഥാനസര്‍ക്കാരും അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാര്‍ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 24നകം പദ്ധതിയുടെ 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. ഓഖി ചുഴലിക്കാറ്റ് വീശിയത് നവംബര്‍ അവസാനമായതിനാല്‍ ആ ന്യായം ഇവിടെ ഉന്നയിക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് വൈകുന്ന ഓരോദിവസവും 12 ലക്ഷം രൂപവീതം നഷ്ടപരിഹാരം കണക്കുകൂട്ടി 18.96 കോടിരൂപ സര്‍ക്കാര്‍ അദാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 25 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലെ നഷ്ടപരിഹാരത്തുക ചോദിച്ചാണ് സര്‍ക്കാരിന്റെ കത്ത്. ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടാന്‍ കമ്പനി തീരുമാനിച്ചാല്‍ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലാകും. 

ഇതേസമയം കൂടുതല്‍ നിര്‍മാണസാമഗ്രികള്‍ എത്തിച്ച് അടുത്തവര്‍ഷം ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് തന്നെ കണ്ട കരണ്‍ അദാനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പദ്ധതി നിശ്ചിതസമയത്ത് പൂര്‍ത്തിയാകില്ലെന്നും 16 മാസം കൂടി അധികം അനുവദിക്കണമെന്നുമുള്ള ആവശ്യം അദാനി ഗ്രൂപ്പ് വീണ്ടും സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ചു. ഡ്രഡ്ജിങ് പുനരാരംഭിക്കുന്നതിന് ഒരു ഡ്രഡ്ജര്‍ അധികമായി എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാറക്ഷാമം ഇനിയും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.