കാൻസർ, പ്രമേഹ മരുന്നുകളുടെ വിലകുറയും

കാൻസറിനും പ്രമേഹത്തിനു‍ം ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വില കുറയും. ദേശീയ മരുന്നുവില നിയന്ത്രണ അതോറിററിയാണ് അമ്പത്തിയൊന്ന് മരുന്നുകളുടെ വില പുനർ നിർണയിച്ച് ഉത്തരവിറക്കിയത്. 

കുടലിൽ അർബുദം ബാധിച്ച രോഗികൾക്കു നൽകുന്ന ഒാക്സാലിപ്ളാറ്റിൻ 100 എംജി ഇൻജക്ഷന് മരുന്നുവില നിയന്ത്രണ അതോറിററിയുടെ പുതിയ ഉത്തരവ് അനുസരിച്ച് വില കുറയും. കാൻസർ മരുന്നിനൊപ്പം പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വേദനസംഹാരികൾ എന്നിവയ്ക്കും വില കുറയും. ജപ്പാൻ ജ്വരത്തിത്തിനെതിരായ വാക്സിനും ബിസിജി കുത്തിവയ്പും വില കുറയ്ക്കുന്നവയുടെ പട്ടികയിലുണ്ട്. 

അ‍‍‍ഞ്ചാം പനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ വാക്സിനും വിലക്കുറവുണ്ടാകും. ആറു ശതമാനം മുതൽ 53 ശതമാനം വരെയാണ് വിലക്കുറവ്. 51 മരുന്നുകളുടെ വിലയാണ് പുനർ നിർണയിച്ചിരുന്നത്. ചില മരുന്നുകൾക്ക് ചെറിയ തോതിൽ വില വർധിക്കും. അടുത്തിടെ എണ്ണൂറിലേറെ മരുന്നുകളുടെ വില എൻ പി പി എ പുതുക്കി നിശ്ചയിച്ചിരുന്നു.