എപ്പോൾ വേണമെങ്കിലും പ്രമേഹം കൂടുകയും കുറയുകയും ചെയ്യും; സഹായം തേടി ശ്രീനന്ദ

പാലക്കാട് : നാലാം ക്ലാസുകാരി ശ്രീനന്ദയുടെ കളിചിരികൾ മായാതിരിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണു കുടുംബം. ഗവ.മോയൻ എൽപി സ്കൂൾ വിദ്യാർഥിയായ എസ്.ശ്രീനന്ദ ടൈപ്പ് വൺ പ്രമേഹ രോഗിയാണ്. ദിവസവും 8 നേരം പ്രമേഹം നോക്കി 4 നേരം ഇൻസുലിൻ എടുത്താണ് ശ്രീനന്ദ സ്കൂളിൽ പോകുന്നത്. ഉച്ചയ്ക്ക് തനിയെ ഇൻസുലിൻ എടുക്കും. എന്നാലും ചിലപ്പോൾ സ്കൂളിൽ എത്തുമ്പോൾ പ്രമേഹം താഴും. തളർന്നുവീണാൽ പിന്നെ കണ്ണുതുറക്കണമെങ്കിൽ 5 മണിക്കൂർ എടുക്കും. നാലാം വയസ്സിലാണ് രോഗം തിരിച്ചറിഞ്ഞത്. 

എപ്പോൾ വേണമെങ്കിലും പ്രമേഹം കൂടുകയും കുറയുകയും ചെയ്യും. കൽപാത്തിയിലെ വാടക വീട്ടിൽ കഴിയുന്ന സുരേഷ് കുമാറും ബി.പ്രമീളയും മകളുടെ ചികിത്സാ ചെലവുകൾ എങ്ങനെ വഹിക്കുമെന്ന ആശങ്കയിലാണ്. സർക്കാരിന്റെ മധുര മിഠായി പദ്ധതിയിൽ അംഗമായിരുന്ന ശ്രീനന്ദയ്ക്ക് സർക്കാർ നൽകുന്ന ഇൻസുലിനും അനുബന്ധ മരുന്നും 10 ദിവസത്തേക്കു മാത്രമേ തികയുമായിരുന്നുള്ളൂ. മകളെ പരിചരിക്കേണ്ടതിനാൽ പ്രമീളയ്ക്കു ജോലിക്കു പോകാൻ കഴിയില്ല. ഡ്രൈവറായ സുരേഷിന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് മകളുടെ ചികിത്സാ ചെലവും വീട്ടു ചെലവും നടത്തേണ്ടത്. 

സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ഗാനരചയിതാവ് ബി.കെ.ഹരി നാരായണനോട് ശ്രീനന്ദയെക്കുറിച്ച് പറഞ്ഞതോടെ അദ്ദേഹം സമൂഹ മാധ്യമത്തിൽ രോഗവിവരം കുറിച്ചു. വിഷയം ശ്രദ്ധയിൽപെട്ട മന്ത്രി വീണാ ജോർജ് ശ്രീനന്ദയുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇൻസുലിനും അനുബന്ധ മരുന്നും ആവശ്യാനുസരണം നൽകാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് സുരേഷ് കുമാറുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. നാലായിരത്തോളം കുട്ടികൾ സംസ്ഥാനത്ത് ഈ രോഗാവസ്ഥ കാരണം ബുദ്ധിമുട്ടുന്നുണ്ടെന്നും എല്ലാവർക്കും സർക്കാർ സഹായം ഉറപ്പാക്കണമെന്നും സുരേഷ് കുമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.

7 ലക്ഷം രൂപ ചെലവു വരുന്ന ഇൻസുലിൻ പമ്പ് ഘടിപ്പിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ധർ നിർദേശിച്ചത്. ഇതിനു പുറമേ പ്രതിമാസം പരിചരണവുമായി ബന്ധപ്പെട്ട് 20,000 രൂപ വരെ വേറെയും ചെലവും വരും. ശേഖരീപുരം എസ്ബിഐ ശാഖയിൽ സുരേഷ് കുമാറിന് അക്കൗണ്ടുണ്ട്. നമ്പർ: 40334193073. ഐഎഫ്എസ്‌സി: SBIN0018974.

MORE IN KERALA