പ്രമേഹം മൂലം വാഹനത്തില്‍ തളര്‍ന്നു വീണയാളോട് പൊലീസിന്റെ ക്രൂരത

‘പ്രമേഹം മൂലം തളർന്നു വീണ എന്നെ അവർ പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റി.... പൊലീസ് സ്റ്റേഷനിലെത്തി മൂലയ്ക്ക് നിർത്തിയപ്പോളേക്കും ഞാൻ തളർന്ന് വീണിരുന്നു. എന്നാൽ തുള്ളി വെള്ളം പോലും തന്നില്ല.. മദ്യപിച്ച് ലക്കുകെട്ടവനെന്ന കുറ്റം ചുമത്തി കേസെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു പൊലീസ്... അതിനിടയ്ക്ക് എന്റെ ബോധം പോയി... ഉണരുമ്പോൾ ആശുപത്രി കിടക്കയിലാണ്....’

ഈ പറയുന്നത് കേരള പൊലീസിനെക്കുറിച്ചാണ്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഗോപാലകൃഷ്ണൻ എന്ന മധ്യവയസ്കനാണ് പരാതിക്കാരൻ. പ്രമേഹം മൂലം തളർന്ന് വീണ ഗോപാലകൃഷ്ണന് തലസ്ഥാനത്തെ പൊലീസ് ചാർത്തി നൽകിയത് മദ്യപിച്ച് ലക്കുകെട്ട പാമ്പെന്ന വിശേഷണമാണ്. ഗോപാലകൃഷ്ണന് ആറുമാസം  മനുഷ്യാവകാശ കമ്മീഷനിൽ കേസ് നടത്തേണ്ടി വന്നു   താൻ മദ്യപിച്ചല്ല, പ്രമേഹം മൂലമാണ് തളർന്ന് വീണതെന്ന് തെളിയിക്കാൻ.

എട്ട് മാസങ്ങൾക്ക് മുൻപ്, മാർച്ച് 5ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരം കോർപ്പറേഷനിലെ കരാറുകാരനായ ഗോപാലകൃഷ്ണനും അസിസ്റ്റന്റ് എൻജിനീയറും കൂടി ഗോപാലകൃഷ്ണന്റെ കാറിൽ കോർപ്പറേഷൻ ഓഫീസിലേക്ക് വരികയായിരുന്നു. ഉച്ചയ്ക്ക ഭക്ഷണവും മരുന്നും കഴിക്കാത്തതിനാൽ ഗോപാലകൃഷ്ണന് ക്ഷീണം തോന്നിത്തുടങ്ങി. കോർപ്പറേഷൻ ഓഫീസ് എത്തിയതോടെ പാതി തളർന്ന് അവശനായി വാഹനത്തിൽ കിടന്നു. വാഹനം റോഡിൽ നിന്നതിനാൽ ഗതാഗത കുരുക്കുണ്ടായി. ഇതുകണ്ട് ട്രാഫിക് പൊലീസ് ഓടിയെത്തി. ഗോപാലകൃഷ്ണനൊപ്പമുണ്ടായിരുന്ന എ.ഇ രോഗിയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും പൊലീസിനോട് പറഞ്ഞു.

എന്നാൽ ഇത് ചെവിക്കൊള്ളാൻ പൊലീസ് തയാറായില്ല. തളർന്ന് വാഹനത്തിൽ കിടന്ന ഗോപാലകൃഷണനെ മദ്യപാനിയാക്കി. മദ്യപിച്ച് ലക്കുകെട്ട് പൊതുവഴിയിൽ വാഹനം നിർത്തി ഗതാഗതകുരുക്കുണ്ടാക്കിയെന്ന കുറ്റം ചുമത്തി. തളർന്ന് കിടന്ന ഗോപാലകൃഷ്ണനെ പിടികൂടി പട്ടത്തെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവിടെയെത്തിയപ്പോളേക്കും കൂടുതൽ തളർന്നെങ്കിലും മൂലയ്ക്ക് മാറ്റിയിരുത്തി. ഇതോടെ തളർന്ന് കിടപ്പായിട്ടും മദ്യപിച്ച് ബോധം  പോയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഒടുവിൽ ബന്ധുക്കളെത്തിയപ്പോൾ പൊലീസ് ആദ്യം ആവശ്യപ്പെട്ടത് പെറ്റിക്കേസിന് പിഴയടക്കാൻ

പ്രമേഹ രോഗിയാണെന്ന് ഗോപാലകൃഷ്ണന്റെ മരുമകൻ അറിയിച്ചതോടെയാണ് പൊലീസ് വിട്ടയച്ചത്. അപ്പോളേക്കും പൂർണമായും തളർന്ന ഗോപാലകൃഷ്ണൻ പിന്നീട് രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

ഇതിനിടെ ഡോക്ടർമാർ ഒരു കാര്യം കൂടി പറഞ്ഞു. ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലായേനെ എന്ന വി‌വരം.

ഇതോടെയാണ് രോഗിയായ തന്നെ മദ്യപാനിയാക്കി ജീവൻ വച്ച് പന്താടിയായ പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഗോപാലകൃഷ്ണൻ തീരുമാനിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ഗോപാലകൃഷ്ണന്റെ വാദം അംഗീകരിച്ചു. പൊലീസിനെ വിമർശിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത എസ്ഐ വിരമിച്ചതിനാൽ നടപടിയൊന്നുമെടുക്കാതെ കേസ് അവസാനിപ്പിച്ചു.

ഇനി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗോപാലകൃഷ്ണൻ.