ഡ്രൈവിങിനിടെ ഒരു മണിക്കൂറോളം ഫോണില്‍; യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്

മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ചെന്ന് പൊലീസ്. അതേസമയം മെമ്മറി കാര്‍ഡ് കാണാതായ കേസിലെ അന്വേഷണത്തിനായി യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കാനും തീരുമാനമായി. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി  പാളയത്ത് തടയുന്നത് വരെയുള്ള സമയത്തിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഒരു തവണയായിട്ടല്ല, പല തവണയായാണ് ഇത്രയും നീണ്ട ഫോണ്‍വിളി.  ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിറ്റില്‍ താഴെയായതിനാല്‍ ബസ് ഓടിച്ചുകൊണ്ടായിരുന്നു ഫോണിലെ സംസാരമെന്ന് ഉറപ്പിക്കുന്നു. ബസ് ഓടിക്കുന്നതിനിടെയിലെ ഫോണ്‍വിളിയേക്കുറിച്ച് കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് നടപടിയെടുക്കേണ്ടിവരും. 

അതേസമയം ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയത് യദുവാണോയെന്ന് സംശയവും പൊലീസില്‍ ബലപ്പെട്ടു. തര്‍ക്കമുണ്ടായതിന് പിറ്റേദിവസം പകല്‍ ബസ് തമ്പാനൂരിലെ ഡിപ്പോയിലുള്ളപ്പോള്‍ യദു ബസിന് സമീപത്തെത്തിയെന്ന് സ്ഥിരീകരിച്ചതാണ് സംശയത്തിന് അടിസ്ഥാനം. അതിനാല്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള യദുവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിക്കും. അതേസമയം ആ ബസില്‍ ജോലി നോക്കിയ പലരുടെയും മൊഴിയെടുത്തെങ്കിലും അവരാരും മെമ്മറി കാര്‍ഡ് ഒരിക്കല്‍പോലും കണ്ടിട്ടില്ല. അതിനാല്‍ ബസില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടായിരുന്നോയെന്നും സംശയമുണ്ട്. അതില്‍ വ്യക്തത വരുത്താനായി മെമ്മറി കാര്‍ഡ് എന്നാണ് ബസിലിട്ടതെന്ന വിവരവും കെ.എസ്.ആര്‍.ടി.സിയോട് തേടി.

Police to submit reporta against KSRTC driver Yadu