എഎസ്െഎയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി; പിന്നില്‍ മണല്‍മാഫിയ

മധ്യപ്രദേശിലെ ഷാഹ്ദോലില്‍ മണല്‍ മാഫിയ എഎസ്െഎയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. അനധികൃത മണൽ ഖനനത്തിന് ഉപയോഗിച്ചിരുന്ന ട്രാക്ടർ ഉപയോഗിച്ച് പൊലീസുകാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തെ അനധികൃത ഖനനം വന്‍തോതില്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.ഇത് പരിശോധിക്കാൻ ആണ്  കോൺസ്റ്റബിൾമാരായ പ്രസാദ് കനോജി, സഞ്ജയ് ദുബെ എന്നിവരോടൊപ്പം എഎസ്െഎ ബാഗ്രി സൈറ്റിൽ പോയത്.. അവിടെ വച്ചാണ് ആക്രമണം ഉണ്ടായത്

പൊലീസുകാര്‍ ചെല്ലുമ്പോള്‍ മാഫിയ മണല്‍ കടത്ത് തുടരുകയായിരുന്നു. ഇത് തടയാന്‍ എഎസ്െഎ ശ്രമിച്ചു. തുടര്‍ന്നാണ് ട്രാക്ടര്‍ വേഗത്തില്‍ ഓടിച്ച് പൊലീസിന് നേരെ പാഞ്ഞടുത്തത്.  എഎസ്െഎ മഹേന്ദ്ര ബാഗ്രി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം മറ്റു രണ്ടുപൊലീസുകാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബാഗ്രിയെ കൊലപ്പെടുത്തിയ ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് അറിയിച്ചു.