മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

Kelath-Aravindakshan
SHARE

മേളാചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു. 83  വയസായിരുന്നു. ഇന്ന് രാവിലെ 9.30 യോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .നാലു പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്ന കേളത്താശാൻ പൂരപ്രേമികളുടെ ഒഴിച്ചു കൂടാനാവാത്ത അധ്യായമായിരുന്നു. 

എഴുപതു വർഷത്തോളം നീണ്ട മേളപെരുമയായിരുന്നു കേളത്താശാന്റേത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരവിന്ദാക്ഷൻ മാരാർ ഇന്ന് രാവിലെ 9.30 യോടെ വിടവാങ്ങുകയായിരുന്നു.

പന്ത്രണ്ടാം വയസിൽ ഇടക്കുനി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പിതാവ് മാക്കോത്ത് ശങ്കരൻ കുട്ടി മാരാരായിരുന്നു ഗുരു. നാൽപ്പത്തിയഞ്ച് വർഷക്കാലം തൃശൂർ പൂരത്തിൽ കൊട്ടി കയറി. പാറമേക്കാവിനും തിരുവമ്പാടിക്കും ഒരു പോലെ കരുത്തൻ. പഞ്ചവാദ്യവും പാണ്ടിമേളവും കൊണ്ട് വിസ്മയം തീർത്ത അതികായൻ. മൂന്നു വർഷം മുമ്പ് എൺപതാം വയസിലാണ് കേളത്താശാൻ വിശ്രമിക്കാൻ തീരുമാനമെടുത്തത്...

പെരുവനം കുട്ടൻ മാരാർക്കും കിഴക്കൂട്ട് അനിയൻ മാരാർക്കും കരുത്തൻ. പ്രമാണിയാവാൻ പല തവണ അവസരം കിട്ടിയിട്ടും അദ്ദേഹം സൗമ്യമായി നിഷേധിച്ചു. പുഞ്ചിരിച്ചുള്ള കേളത്താശാന്റെ മേളത്തിന് താളമെടുക്കാൻ പൂരപ്രേമികൾക്ക് ഇനി അവസരമില്ല.. തൃശൂർ പൂരത്തിൽ മാത്രമല്ല ആറാട്ടുപുഴ, പെരുവനം, തൃപ്പൂണിത്തറ, കൂടൽ മാണിക്യ ഉൽസവങ്ങളിലും ഇനി ആ മേള വിസ്മയമില്ല. ഇന്ന് വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം..

Kelath Arvindhakshan passes away

MORE IN BREAKING NEWS
SHOW MORE