സർട്ടിഫിക്കറ്റ് തടഞ്ഞ് ഏജൻസി; ആവശ്യപ്പെട്ടത് വൻ തുക; വലഞ്ഞ് യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികള്‍

യുദ്ധക്കെടുതിമൂലം യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിന് തടയിട്ട് ഏജന്‍സികളും. പഠനം മുടങ്ങിയതോടെ മറ്റ് രാജ്യങ്ങളില്‍ തുടര്‍പഠനത്തിന് ശ്രമിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് സ്വകാര്യ ഏജന്‍സി തടഞ്ഞുവച്ചിരിക്കുയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെങ്കില്‍ ഭീമമായ തുകയാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. യുദ്ധത്തെതുടര്‍ന്നുണ്ടായ സാങ്കേതിക തടസമാണ് സര്‍ട്ടിഫിക്കറ്റുകള്‍ വൈകാനുള്ള കാരണമെന്നാണ് ഏജന്‍സിയുടെ വിശദീകരണം. 

യുക്രനില്‍ തുടര്‍പഠനസാധ്യത അടയുകയും ഇന്ത്യയില്‍ സാധ്യത ഇല്ലാതാവുകയും ചെയ്തതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മറ്റുരാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ അവസരം തേടിയത്. ഇതിന് വന്‍തുകയും നല്‍കേണ്ടി വന്നു. അപ്പോഴാണ് സര്‍ട്ടിഫിറ്റുകള്‍ തിരികെ നല്‍കണമെങ്കില്‍ ഭീമമായ തുക നല്‍കണമെന്ന ആവശ്യം എജന്‍സി വച്ചത്. മറ്റുഏജന്‍സികള്‍ സൗജന്യമായി സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴാണ് ചില ഏജന്‍സികള്‍ മാത്രം വിവേചനം കാട്ടുന്നത്. 

പലതവണ ഏജന്‍സിയെ സമീപിച്ചെങ്കിലും പണം നല്‍കാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്ന നിലപാട് ഏജന്‍സി ആവര്‍ത്തിച്ചു. പൊലീസിലുള്‍പ്പെടെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും ആരും ഇടപെട്ടില്ല. സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍  സര്‍വകലാശലയിലെയ്ക്ക് നേരിട്ട് മെയില്‍ ആയക്കുകയും ചെയ്തു. എന്നാല്‍  ലഭ്യമായില്ല. ഇതിനുകാരണം ഏജന്‍സിയുടെ ഇടപെടലാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിവഴിയാണ് ഈ വിദ്യാര്‍ഥികളെല്ലാം യുക്രനില്‍ പഠനത്തിനായി പോയത്. യുദ്ധത്തെതുടര്‍ന്നുണ്ടായ സങ്കേതിക പ്രശ്നങ്ങളാണ് സര്‍ട്ടിഫിക്കറ്റുകള്‍ വൈകാന്‍ കാരണമെന്നാണ് ഏജന്‍സിയുടെ വിശദീകരണം. കുറച്ചുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. അവശേഷിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭ്യമാക്കുമെന്നും ഏജന്‍സി അറിയിച്ചു. 

Private agency demands money for certificates