ഖത്തറിന്റെ മധ്യസ്ഥത: റഷ്യ-യുക്രെയ്‌ൻ യുദ്ധത്തിൽ പിടിയിലായ കുട്ടികളെ പരസ്പരം കൈമാറി

ദീർഘനാളായി തുടരുന്ന റഷ്യ -യുക്രെയ്‌ൻ യുദ്ധത്തിനിടയില്‍ പിടിയിലായ കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിൽ ധാരണ. ഖത്തറിന്റെ മധ്യസ്ഥ ചര്‍ച്ചകളുടെ ഫലമായാണ് പിടിയിലായ കുട്ടികളുടെ കൈമാറ്റം സാധ്യമായത്. മൊത്തം 48 കുട്ടികളെയാണ് കൈമാറ്റം ചെയ്യുന്നത്. ഇതിൽ 29 കുട്ടികള്‍ ഉക്രെയ്നില്‍ നിന്നും 19 കുട്ടികള്‍ റഷ്യയില്‍ നിന്നുമുള്ളവരാണ്.  

റഷ്യയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താൻ കുട്ടികളെ സഹായിച്ച ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അഭിനന്ദിച്ചു. നിരവധി യുക്രെയ്‌ൻ പൗരന്മാർ റഷ്യയിൽ  തടവുകാരായി കഴിയുന്നുണ്ട്.  അവരെക്കൂടി വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിന്ന് മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ഖത്തറിന്റെ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് എത്തിയതെന്ന് റഷ്യൻ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷണര്‍ മരിയ എല്‍വോവ ബെലോവയും പ്രതികരിച്ചു. കൈമാറ്റം ചെയ്യപ്പെട്ടവരില്‍ യുദ്ധത്തില്‍ മാതാപിതാക്കൾ കൊല്ലപ്പെട്ടവരും ഭിന്നശേഷിക്കാരും ഉള്‍പ്പെടും.  ഇരു രാഷ്ട്ര പ്രതിനിധികളും ദോഹയിലെത്തിയത് കൈമാറ്റം ചെയ്യപ്പെടുന്ന കുട്ടികളുമായാണ്. യുക്രെയ്‌നില്‍ പക്ഷത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത് യുക്രെയ്‌ൻ പാര്‍ലമെന്റിലെ മനുഷ്യാവകാശ കമ്മിഷണര്‍ ദിമിത്രോ ലുബിനറ്റ്സ് ആണ്.  

ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി കഴിഞ്ഞ വര്‍ഷം റഷ്യയിലേക്കും യുക്രെയിനിലേക്കും സന്ദര്‍ശനം  നടത്തിയിരുന്നു. അന്നത്തെ സന്ദർശന സമയത്താണ് കുട്ടികളുടെ മോചനം ആദ്യമായി ചര്‍ച്ച ചെയ്തത്. അതിന്റെ തുടർ ചർച്ചകളുടെ ഫലമായാണ് ഇപ്പോൾ പിടിയിലായ കുട്ടികളുടെ കൈമാറ്റം സാധ്യമാകുന്നത്.

Qatar hails mediation ‘milestone’ as it hosts freed Ukrainian, Russian kids