'സിഐയെ സംരക്ഷിച്ചത് സിപിഎം'; ഇത് നീതിയുടെ വിജയം: കോൺഗ്രസ്

സിഐയെ സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിജയപ്രഖ്യാപനവുമായി കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തെത്തുടര്‍ന്നാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. . വൈകിയെങ്കിലും സിഐയ്ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് എംപിയും എം.എല്‍.എയും പ്രതികരിച്ചു.

ആലുവ സി.ഐ. സി.എല്‍.സുധീറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ നിറഞ്ഞ് നില്‍ക്കുകയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും ആലുവ പൊലീസ് സ്റ്റേഷൻ. ആലുവ എംഎല്‍എയാണ് മോഫിയയ്ക്ക് നീതി ആവശ്യപ്പെട്ട് ആദ്യം സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നത്, പിന്നാലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫിസ് മാര്‍ച്ച് സംഘര്‍ഭരിതമായി. നടപടിയെടുക്കും വരെ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ രാത്രിയിലും സ്റ്റേഷനില്‍ സമരം തുടര്‍ന്നു. നീതിയുടെ വിജയമാണ് സിഐയുടെ സസ്പെന്‍ഷനിലൂടെ കണ്ടതെന്ന് എംഎല്‍എയും എംപിയും പ്രതികരിച്ചു.

സിഐ:സുധീറിനെ ഇതുവരെ സംരക്ഷിച്ചത് സിപിഎം നേതാക്കള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പ്രതികള്‍ക്ക് ശിക്ഷ കിട്ടുംവരെ മോഫിയയുടെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.