ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

HIGHLIGHTS
  • അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം
  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
  • ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തണം
school-opening-kerala-04
SHARE

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ജൂണ്‍ മൂന്നിലെ പ്രവേശനോല്‍സവത്തോടെയാണ് അധ്യയന വര്‍ഷത്തിന് തുടക്കമാവുക. അതിന് മുന്നോടിയായി സ്കൂളിന്‍റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.  സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. 

സ്‌കൂൾ ബസുകള്‍, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെൻ്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം.  

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകർത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനമായി. 

Kerala schools set to open on June 3 after summer vacation

MORE IN BREAKING NEWS
SHOW MORE