മഴവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കാട്ടാനക്കുട്ടിയും

കൊല്ലം തെന്‍മലയില്‍ മഴവെള്ളപ്പാച്ചിലില്‍ കാട്ടാനക്കുട്ടിയും ഒഴുകിയെത്തി. സാരമായി പരുക്കേറ്റ ഒരു മാസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടി വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കാട്ടാനകളുടെ ആക്രമണ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തെന്‍മല അമ്പനാട് എസ്റ്റേറിലെ തോട്ടില്‍ നിന്നാണ് ഇവളെ കിട്ടിയത്. കഴിഞ്ഞ ഞായറാഴ്ച്ച മഴവെള്ളത്തിനൊപ്പം ഒഴുകിയെത്തിയതാണ് ഒരു മാസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടി. തോട്ടം തൊഴിലാളികളാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. 

വിവരം വനപാലകരെ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു. പരുക്ക് ഭേദമായ ശേഷം ആനക്കുട്ടിയെ കാട്ടിലേക്ക് തിരികെ അയക്കാനാണ് തീരുമാനം. ശ്രമം വിജയിച്ചില്ലെങ്കില്‍ ആനക്കൂട്ടിലേക്ക് മാറ്റും.