ചാല കമ്പോളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു

പൗരാണിക ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ചാല കമ്പോളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. തിരുവിതാംകൂര്‍ കാലത്തേ കമ്പോളത്തിന്റെ തനതു ഘടന സംരക്ഷിച്ച്  നവീകരിക്കാനാണ് ലക്ഷ്യമിടുന്നത് . പാര്‍ക്കിങ്ങിനുള്ള അഭാവം ഉപഭോക്താക്കളെ ചുറ്റിക്കുമ്പോള്‍ അതിന് ശാശ്വത പരിഹാരം കണ്ടാലേ നവീകരണം ഫലം കാണൂ എന്നാണ് വര്‍ഷങ്ങളായി കച്ചവടം നടത്തുന്നവരുടെ കാഴ്ചപ്പാട്.

ചാല കമ്പോളത്തിന്റെ പ്രവേശനകവാടത്തിന്റെ ഇടതുവശത്തായി എന്നും എന്‍പതുകാരിയായ സരസമ്മയേ കാണാം. നാരങ്ങകച്ചവടമാണ്. നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചാലകമ്പോളത്തെ ഇന്നും സജീവമാക്കുന്നത് പുലര്‍ച്ചെ എത്തുന്ന ഇവരേ പോലുള്ള കച്ചവടക്കാരാണ്. കിഴക്കേകോട്ടമുതല്‍ കിള്ളിപാലം വരെ നീണ്ടു കിടക്കുന്ന ചാല കമ്പോളം ഇന്ത്യയിലെ തന്നെ അപൂര്‍വമായ വ്യാപാരകേന്ദ്രമാണ്. ഇതിന് പുറമേ ഏഴ് വലിയ തെരുവകളും കച്ചവടത്തിന്റെ നാഡീഞരമ്പായി ഇവിടെയുണ്ട്. അതാണ് ചാലയുടെ സൗന്ദര്യവും. പക്ഷെ  ചാല ഏറെ മാറിയിരിക്കുന്നു. 

രണ്ടു കിലോമീറ്ററോളം വരുന്ന കമ്പോളത്തില്‍  വാഹനം പാര്‍ക്ക് ചെയ്യാനാകാത്തത് ഉപഭോക്താക്കളേ ഏറെ വലക്കുന്നു. ഇടുങ്ങിയ റോഡുകളിലേക്ക് ആളുകള്‍ പഴയതുപോലെ വരാതെയായി. പല സ്ഥലങ്ങളിലായി കേന്ദ്രീകൃത പാര്‍ക്കിങ് ഒരുക്കി ജനങ്ങളെ കമ്പോളത്തിലേക്ക് എത്തിക്കുന്നതിനാണ് വ്യാപാരികള്‍ക്ക് താല്പര്യം.ഇരുവശങ്ങളിമുള്ള ചെറുകിട കച്ചവടക്കാരേ അവിടെ നിന്ന് മാറ്റി പുനക്രമികരിക്കേണ്ടത് മുഖം മാറ്റത്തില്‍ അനിവാര്യമാണ്. ഏറെ പ്രതീക്ഷയോെടയാണ് ഈ വ്യാപാരകേന്ദ്രം സര്‍ക്കാരിന്റെ നവീകരണ സങ്കല്പത്തേ കാണുന്നത്. ഒരു കാലത്ത് ഇടതടവില്ലാതെ ചലിച്ചിരുന്ന ചാലകമ്പോളം ആ പഴയകാലത്തേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.