തിരുവനന്തപുരം കോര്‍പറേഷനിലും കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് ജീവനക്കാരെ നീക്കി

കോഴിക്കോട് മോഡല്‍ കെട്ടിടനമ്പര്‍ തട്ടിപ്പ് തിരുവനന്തപുരം കോര്‍പറേഷനിലും കണ്ടെത്തി. രണ്ടു താല്‍ക്കാലിക ജീവനക്കാരെ ചുമതലയില്‍ നീന്ന് നീക്കിയതായി 

മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കോര്‍പറേഷന്‍ ആഭ്യന്തര അന്വേഷണത്തിലാണ് മരപ്പാലത്തുളള വാണിജ്യകെട്ടിടത്തിന്റെ നമ്പര്‍ വ്യാജമെന്ന് തെളിഞ്ഞത്. തിരുവന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു 

കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് വന്‍ വിവാദമായതിന് പിന്നാലെയാണ് തിരുവന്തപുരം കോര്‍പറേഷനിലെ കെട്ടിട അനുമതികള്‍ പരിശോധിച്ചത്. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച കെട്ടിട നമ്പറുകളാണ് വ്യാജമെന്ന് തെളിഞ്ഞത്. കേശവദാസപുരം മരപ്പാലത്ത് അജയഘോഷ് എന്ന വ്യക്തിയുടെ പേരിലുളള രണ്ട് കെട്ടിടങ്ങളുടെ നമ്പറാണ് വ്യാജമെന്ന് കണ്ടെത്തിയത്. 

അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് തിരിമറി നടത്തി അനുമതി നേടിയെടുക്കുന്നതാണ് കെട്ടിടനമ്പര്‍ തട്ടിപ്പ്. സഞ്ചയ സോഫ്റ്റ് വെയറിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ യൂസര്‍നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച രണ്ടു ജീവനക്കാരെയാണ് ചുമതലകളില്‍ നിന്ന് നീക്കിയത്. ഇവരാണോ തട്ടിപ്പിന് പിന്നിലെന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നും മേയര്‍ പറഞ്ഞു. 

2002 ജനുവരി 28 ന് രാവിലെ 8.26 നും 8. 37 നും ഇടയിലാണ് തിരിമറി നടത്തിയത്. സ്ഥിരമായി കെട്ടിട നമ്പര്‍ നടപടിക്രമങ്ങള്‍ ചെയ്യുന്ന പ്രാവീണ്യമുളളയാള്‍ക്കെ ഇത്ര ചുരുങ്ങിയ സമയത്തിനുളളില്‍ കൃത്രിമം നടത്താനാകൂ എന്നാണ് നിഗമനം. കൂടുതല്‍ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളായേക്കും. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുളള കൗണ്‍സില്‍ അധികാരമേറ്റശേഷം കെട്ടിട നികുതി വെട്ടിപ്പിനും പിന്നാക്കക്ഷേമ തട്ടിപ്പിന്റെ പേരിലും കോര്‍പറേഷന്‍‌ വിവാദത്തിലായിരുന്നു. രണ്ടു സംഭവങ്ങളിലും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്മായതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ സംശയനിഴലിലാകുന്ന മറ്റൊരു തട്ടിപ്പ് കൂടി പുറത്തറിയുന്നത്.