വേദനകൾ മറക്കാൻ ഒരു അവധിക്കാല ക്യാംപ്

കുട്ടികള്‍ക്ക്  അറിവും സാന്ത്വനവുമായി കുട്ടിക്കൂട്ടം അവധിക്കാല ക്യാംപ്. പാലിയം ഇന്ത്യയെന്ന പാലിയേറ്റീവ് കെയര്‍  സംഘടനയുടെ നേതൃത്വത്തില്‍ പരിചരണം നല്‍കുന്ന രോഗികളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാംപ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത നാല്‍പ്പത്തൊന്‍പത് കുട്ടികളാണ് പങ്കെടുക്കുന്നത്.

വേനലവധി തുടങ്ങിയതോടെ  എവിടെ തിരിഞ്ഞാലും കുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാംപുകളാണ്. ക്യാംപില്‍ കളിചിരികളും പഠനവും എല്ലാം ഉണ്ടാകാറുമു‌ണ്ട്. എന്നാല്‍ രോഗികളുള്ള  കുടുംബങ്ങളിലെ കുട്ടികളുടെ ക്യാംപ് എന്ന നിലയില്‍ കുട്ടിക്കൂട്ടം വ്യത്യസ്ഥമാകുന്നു.  കൂട്ടുകൂടി വീട്ടിലെ വേദനകള്‍ മറക്കുവാനുള്ള വേദിയായി ഈ ത്രിദിന ക്യാംപ് മാറുന്നു.ചിരി നഷട്ടപ്പെട്ട കുറേ കുട്ടികള്‍ക്ക് ചിരിയും, ചിന്തയും പകര്‍ന്നു നല്‍കുകയാണ് പാലിയം ഇന്ത്യ പ്രവര്‍ത്തകര്‍.  തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സ്കോളര്‍ഷിപ്പും പഠനസഹായവും നല്‍കുന്നുണ്ട്.