കോഴിക്കോട് മല്‍സ്യബന്ധന ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ട മല്‍സ്യബന്ധന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല. 

ബഹ്റിന്‍ എന്ന ബോട്ടിന്‍റെ വീല്‍ഹൗസിലാണ് തീ ആളിപടര്‍ന്നത്. ഓടിയെത്തിയ മറ്റു മല്‍സ്യബന്ധന തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. അതിനിടെ അഗ്നിശമന സേനയെത്തി തീയണച്ചു. ബോട്ട് ഭാഗികമായി കത്തിനശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

അ‌പകട കാരണം വ്യക്തമല്ല. എങ്കിലും ഗ്യാസ് ലീക്കുണ്ടായതാകാം അപകടകാരണം എന്നാണ് നിഗമനം. മറ്റു ബോട്ടുകളിലേയ്ക്ക് പടരുന്നതിന് മുമ്പേ തീയണയ്ക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.