വഴിയടയ്ക്കാന്‍ റെയില്‍വേ; നടപ്പാതയോ അടിപ്പാതയോ ഒരുക്കണമെന്ന് നാട്ടുകാര്‍

railway-road
SHARE

ഒറ്റപ്പാലം എറക്കോട്ടിരിയിൽ സുരക്ഷിത യാത്രാമാര്‍ഗമില്ലാതെ നാട്ടുകാര്‍. ഭാരതപ്പുഴയ്ക്കും റെയിൽവേ ലൈനിനും ഇടയില്‍  കഴിയുന്ന കുടുംബങ്ങള്‍ റെയില്‍പാത മുറിച്ചുകടന്നാണ് യാത്രചെയ്തിരുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍ പാതയ്ക്ക് ഇരുവശവും കെട്ടിയടയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചതോടെ പുറംലോകവുമായി എങ്ങനെ ബന്ധപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.  

എറക്കോട്ടിരി മുതൽ കയറമ്പാറ കേന്ദ്രീയ വിദ്യാലയ പരിസരം വരെ ആറ് കേന്ദ്രങ്ങളിലാണു നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിയടയ്ക്കാൻ നീക്കമുള്ളത്. തീവണ്ടികളുടെ വേഗം വർധിച്ചതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു നടപടി. അന്‍പതിലധികം  കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. നടവഴികൾ അടയ്ക്കുന്ന സാഹചര്യമുണ്ടായാൽ ഇവർക്കു വീടുകളിലെത്താൻ മറ്റു മാർഗങ്ങൾ ഇല്ലാതാകും. വഴിയടയ്ക്കലിന്റെ ആദ്യഘട്ടമായി നാട്ടുകാർ നടക്കാൻ ഉപയോഗിച്ചിരുന്ന സ്ലാബുകൾ എടുത്ത് മാറ്റിയ നിലയിലാണ്. ചാലിന് മുകളിലെ സ്ലാബുകളാണ് മാറ്റിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വഴികൾ പൂർണമായും അടയ്ക്കുമെന്നാണു വിവരം. 

റെയിൽവേ ലൈനിനപ്പുറം ഭാരതപ്പുഴയുടെ തീരത്ത് നൂറ് ഏക്കറിലേറെ കൃഷിഭൂമിയുമുണ്ട്. വഴി അടഞ്ഞാൽ കാർഷിക മേഖലയും പ്രതിസന്ധിയിലാകും. വഴി അടയ്ക്കുന്നതിനു മുൻപു റെയിൽവേ ലൈനിന് കുറുകെ നടപ്പാതയോ അടിപ്പാതയോ ഒരുക്കി സുരക്ഷിത യാത്രയ്ക്കു സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേയ്ക്കു നിവേദനം നൽകാനാണു നാട്ടുകാരുടെ തീരുമാനം.

MORE IN NORTH
SHOW MORE