എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തില്‍ നിന്ന് പിന്മാറി

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തില്‍ നിന്ന് പിന്മാറി. ദുരിതബാധിതരുടെ ആവശ്യങ്ങള്‍ ഭാഗികമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് തീരുമാനം. അടുത്തമാസം മൂന്നുമുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

അമ്പലത്തറയിലെ സ്നേഹവീട്ടില്‍ ചേര്‍ന്ന സമരസമിതിയുടെ യോഗമാണ് താല്‍ക്കാലികമായി സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടത്. പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിനുള്ള സവാകാശം സര്‍ക്കാരിന് അനുവദിക്കുകയാണ് ലക്ഷ്യം. ദുരിതബാധിത കുടംബംഗങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാതെയാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനമെന്ന ആക്ഷേപമുണ്ട്. പരാതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കാനും യോഗം തീരുമാനിച്ചു.

ദുരിതബാധിതരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ റവന്യൂമന്ത്രി ഇവരെ കാണാന്‍ കൂട്ടാക്കത്തതിലും പ്രതിക്ഷേധമുണ്ട്. പ്രഖ്യാപനങ്ങളില്‍ ഉടന്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടകമാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും സമരവുമായി മുന്നോട്ട് പോകണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.