18 ദിവസം നീണ്ട നിരാഹാരം; സമരം അവാസാനിപ്പിച്ച് ദയാബായി; പോരാട്ടം തുടരും

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്ന നിരാഹാരസമരം അവാസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയ രേഖ മന്ത്രിമാര്‍ ആശുപത്രിയിലെത്തി ദയാബായിക്ക്  കൈമാറി. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ദയാബായി. പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നു സമര പന്തലിലെത്തിയ വി.ഡി.സതീശന്‍ പറഞ്ഞു.

ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പുമായി രണ്ടു മണിയോടെ മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍.ബിന്ദുവും ഉച്ചയോടെ ദയാബായിയെ കാണാന്‍ ജനറല്‍  ആശുപത്രിയിലെത്തി. നേരത്തെ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അതേപടി കൈമാറിയ രേഖയിലുണ്ടായിരുന്നില്ലെന്നായിരുന്നു ദയാബായിയുടെ പരാതി. തുടര്‍ന്നാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നത്.  

നിരാഹാരസമരം 18 ദിവസം പിന്നിട്ടപ്പോഴാണ് ആവശ്യങ്ങള്‍ അംഗീകരിച്ചത്. തുടര്‍ന്നു ആദ്യം ആശുപത്രിയില്‍ വെച്ചും പിന്നീട് സമര പന്തലില്‍ വെചച്ചും സമരം പിന്‍വലിക്കുന്നതായി അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജ്,എല്ലാ ആശുപത്രികളിലും വിദഗ്ദ ചികില്‍സ ഒരുക്കുക, ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ ക്യാംപ് നടത്തുക തുടങ്ങിയവ ഉള്‍പ്പെെടയുള്ളവയായിരുന്നു ആവശ്യങ്ങള്‍. വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നെന്നു ഉറപ്പുവരുത്തുമെന്നു പ്രതിപക്ഷ നേതാവ്.