വിവാദ തടയണ; പി.വി അന്‍വറിന് സഹായവുമായി റവന്യു, വനം വകുപ്പുകള്‍

മലപ്പുറം കക്കാടംപൊയിലിലെ വിവാദ തടയണ പൊളിക്കാതിരിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എയ്്ക്ക് സഹായവുമായി റവന്യു , വനം വകുപ്പുകള്‍. ചീങ്കണിപ്പാലിയില്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ച തടയണകള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ എം എല്‍ എക്ക് ഒത്താശ ചെയ്യുന്നത്. തന്റെ തടയണ മാത്രം പൊളിച്ചുമാറ്റുന്നത് വിവേചനപരമാണെന്ന ന്യായം കോടതിയില്‍ ഉന്നയിക്കാനാണ് അന്‍വറിന് ഇതോടെ സാഹചര്യമൊരുങ്ങുന്നത്. 

വിവാദ തടയണയില്‍ നിന്നും അരകിലോമീറ്റര്‍ മാറിയാണ് റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ മറ്റൊരു കൂറ്റന്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു കുന്നുകള്‍ ചേരുന്ന ഭാഗത്ത് കരിങ്കല്‍ ഭിത്തി കെട്ടിയാണ് നിര്‍മാണം. എം.എല്‍.എയുടെ തടയണ പൊളിക്കാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടതിന് പിന്നാലെ വെള്ളം തുറന്നുവിട്ടു. അന്‍വറിനെതിരെ നല്‍‍കിയ പരാതികളില്‍ ഈ തടയണയെക്കുറിച്ച് വിശദീകരിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല 

സംരകക്ഷിത വനത്തിലൂടെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചാണ് തടയണയിലേക്ക് വഴിയുണ്ടാക്കിയിരിക്കുന്നത്. സംരക്ഷിത വനത്തിലിരുന്നാണ് തടയണ കാണാനെത്തുന്നവരുടെ മദ്യപാനം. 

തങ്ങളുടെ തടയണയ്ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് സ്വാഭാവിക നീതിനിഷേധമാണെന്ന വാദമാകും എം.എല്‍.എയും കുടുംബവും കോടതിയില്‍ ഉയര്‍ത്തുക. ഈ വാദത്തിന് ബലം നല്‍കാനാണ് പരാതിയുണ്ടായിട്ടും ചീങ്കണിപാലിയിലെ മറ്റു തടയണകള്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നാണ് ആരോപണം