'പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ഓര്‍ക്കണം'; അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുള്ള പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസംഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍ക്കണം. രാഹുലിനെതിരെ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എയില്‍ രാഹുലിന് മറുപടി ഇല്ല. അത് ആര്‍ക്കാണ് സന്തോഷം പകര്‍ന്നത്? ഇവിടെയാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് രാഹുലിനെ അന്‍വര്‍ പരിഹസിച്ചത്. 'ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത്  പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനിറ്റ്കില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്' എന്നായിരുന്നു പ്രസംഗം.