കോണ്‍ഗ്രസുമായി എന്‍സിപി ലയിക്കുമോ? പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ശരത് പവാര്‍

കോണ്‍ഗ്രസുമായുള്ള ലയന സാധ്യത തള്ളാതെ എന്‍സിപി സ്ഥാപകനേതാവ് ശരദ് പവാര്‍. തിരഞ്ഞെടുപ്പിന് ശേഷം ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന പവാറിന്‍റെ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ സ്വന്തം തട്ടകമായ ബാരാമതിയിലെ തോല്‍വി ഭയന്നാണ് പവാറിന്‍റെ പുതിയ നീക്കമെന്ന് ശിവസേന പരിഹസിച്ചു.

തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം പിന്നിടുമ്പോള്‍ കോണ്‍ഗ്രസ്– എന്‍സിപി ലയനം വീണ്ടും ചര്‍ച്ചയില്‍ നിറയുകയാണ്. ശരദ് പവാര്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെ. ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അടുക്കുന്നുണ്ട്. അതില്‍ ചിലത് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ലയിക്കും. ഗാന്ധി, നെഹ്രൂവിയന്‍ ചിന്ത പിന്തുടരുന്ന കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ആശയപരമായി വ്യത്യാസമില്ലെന്നും പവാര്‍ പറഞ്ഞുവയ്ക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പവാറിനെ കണ്ടിരുന്നു. എന്നാല്‍ ലയനമെന്ന കാര്യം തള്ളി പിന്നീട് സുപ്രിയ സുളെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ എന്‍സിപി തട്ടകമായ ബാരാമതിയിലെ കുടുംബപ്പോരില്‍ പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് സീനിയര്‍ പവാറിന് ആശങ്കയാകുന്നുണ്ട്. പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ചിഹ്നം പോലും നഷ്ടപ്പെട്ടുള്ള മല്‍സരമാണ് ഇത്തവണ. സ്ഥാപക നേതാവില്‍ നിന്നും അജിത് പവാര്‍ പാര്‍ട്ടി തട്ടിയെടുത്തെന്ന വികാരം വോട്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ പവാര്‍ എടുക്കുന്ന പ്ലാന്‍ ബി ആണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ചര്‍ച്ചകള്‍ തുടരാമെന്ന് കോണ്‍ഗ്രസിന് നല്‍കുന്ന സൂചന കൂടിയാണിത്. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തിന്‍റെ പേരിലായിരുന്നു കാല്‍ നൂറ്റാണ്ട് മുന്‍പ് പവാര്‍ പാര്‍ട്ടിവിട്ട് എന്‍സിപി രൂപീകരിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാതൃസംഘടനയിലേക്കുള്ള പവാറിന്‍റെ തിരിച്ചുവരവ് അകലെയല്ലെന്നാണ് വേണം കരുതാന്‍. അതേസമയം, സുപ്രിയ സുളയെ കോണ്‍ഗ്രസിന്‍റെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ലയന ചര്‍ച്ച വഴിമുട്ടിയതെന്ന് ശിവസേന ആരോപിച്ചു. ബാരാമതി കൈവിടുമെന്ന ഭയമാണ് തിടുക്കത്തിലുള്ള നീക്കത്തിന് പിന്നിലെന്നും സഞ്ജയ് നിരുപം പരിഹസിച്ചു.

NCP's likely merger with congress