പിത്രോദ നിറത്തിന്‍റെ പേരില്‍ അപമാനിച്ചെന്ന് മോദി; പരാമര്‍ശം തള്ളി കോണ്‍ഗ്രസ്

അഭിമുഖത്തില്‍ വംശീയ പരാമര്‍ശം നടത്തിയ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യക്കാരെ നിറത്തിന്‍റെ പേരില്‍ അപമാനിച്ചുവെന്നായിരുന്നു മോദിയുടെ പ്രതികരണം. വംശീയവാദിയായ പിത്രോദ രാഹുലിന്‍റെ സുഹൃത്തും മാര്‍ഗദര്‍ശിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. അദാനിയുമായും  അംബാനിയുമായും രാഹുല്‍  എന്ത് ഡീലാണ് ഉണ്ടാക്കിയതെന്ന് മോദി ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇവരെക്കുറിച്ച് രാഹുല്‍ മിണ്ടാത്തതെന്തെന്ന് തെലങ്കാനയിലെ കരിംനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ചോദിച്ചു. സത്യം തുറന്ന് കാട്ടാനാണ് രാഹുല്‍ സംസാരിക്കുന്നതെന്നായിരുന്നു ഇതിനോട് പ്രിയങ്ക ഗാന്ധിയുടെ മറുപടി.

അതേസമയം സാം പിത്രോദയുടെ പരാമര്‍ശങ്ങളെ തള്ളിക്കളയുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പരാമര്‍ശം അസ്വീകാര്യവും നിര്‍ഭാഗ്യകരവുമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പ്രതികരണം. പരാമര്‍ശത്തിനെതിരെ ഡിഎംകെയും ഉദ്ധവ് താക്കറെ വിഭാഗവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങും പ്രതികരിച്ചു. 

ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്നും പിത്രോദ പറഞ്ഞത്. 

Pitroda insults South Indians; PM Modi