'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി പിത്രോദ

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി സാം പിത്രോദയുടെ വംശീയ പരാമര്‍ശം. ഇന്ത്യക്കാരെ നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. പിത്രോദയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. ഡിഎംകെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എതിര്‍പ്പുമായി രംഗത്തുവന്നു.   വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവര്‍ ചൈനക്കാരെപ്പോലെയും തെക്കുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ളവര്‍ യൂറോപ്യന്മാരെപ്പോലെയുമാണ്. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒാവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ വംശീയ പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു പിത്രോദ. പിത്രോദയുടെ പരാമര്‍ശത്തില്‍ കടുത്ത രോഷമുണ്ടെന്ന് നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍റെ യുവരാജാവിന്‍റെ സുഹൃത്തും വഴികാട്ടിയുമാണ് പിത്രോദ. നിറത്തിന്‍റെ അടിസ്ഥാനത്തിലാണോ യോഗ്യത നിശ്ചയിക്കുന്നത്. കൃഷ്ണനെ ആരാധിക്കുന്നവരാണ്. ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് കറുത്ത നിറമുള്ള വ്യക്തിയായതുകൊണ്ടാണ്. 

പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പ്രതികരിച്ചു. പിത്രോദയുടെ പരാമര്‍ശം തെറ്റാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.  പാരമ്പര്യ സ്വത്തില്‍ നിശ്ചിത ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് പിത്രോദ നടത്തിയ പരാമര്‍ശം മോദി അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആയുധമാക്കിയിരുന്നു.

People from East look like Chinese, South look like Africans; Sam Pitroda