'അന്‍വറിന്‍റെ അധിക്ഷേപത്തിന് പിണറായിയുടെ ഒത്താശ'; പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരായ പി.വി.അന്‍വര്‍ എം.എല്‍.എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കി. കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം.ഹസനാണ് പരാതി നല്‍കിയത്. അന്‍വറിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അധിക്ഷേപ പരാമര്‍ശത്തിലൂടെ രാഹുലിനെ മാത്രമല്ല രാജീവ് ഗാന്ധിയെയും പരാമര്‍ശത്തിലൂടെ അപമാനിച്ചുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. അന്‍വറിന്‍റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിണറായി വിജയന്‍റെ ഒത്താശയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുലിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്റു കുടുംബത്തിൽ നിന്നുള്ള വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പരാമർശമാണ് രാഹുലില്‍ നിന്നുണ്ടായത്. നെഹ്റു കുടുംബത്തോട് ചേർത്തു പറയാൻ പറ്റാത്ത പേരാണന്ന് രാഹുൽ തന്നെ തെളിയിച്ചു.  കേരള മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് രാഹുൽ ചോദിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. രാഹുലിന്‍റെ ഡി.എന്‍.എ പരിശോധിക്കണമെന്നായിരുന്നു പാലക്കാട് എടത്തനാട്ടുകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അന്‍വര്‍ പ്രസംഗിച്ചത്. 

KPCC files complaint against PV Anwar's remarks on Rahul Gandhi