എറണാകുളത്ത് മൂന്നില്‍ രണ്ട് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ; നിയന്ത്രണം കടുപ്പിക്കും

എറണാകുളം ജില്ലയിലെ മൂന്നില്‍ രണ്ട് പഞ്ചായത്തുകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനം കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം. ചികില്‍സക്കാവശ്യമായ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഓക്സിജന്‍ വാര്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം അന്‍പതിനായിരത്തിന് തൊട്ടടുത്തെത്തി. ഇന്നലെ 4642 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തരായത് 2689 പേരാണ്. ഇതിനിടെ ജില്ലയിലെ എണ്‍പത്തിരണ്ട് പഞ്ചായത്തുകളില്‍ അന്‍പത്തിയേഴിടത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതുശതമാനത്തിന് മുകളിലെത്തി. രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു. സമ്പൂര്‍ണ നിയന്ത്രണത്തിന് സംസ്ഥാനതല വിദഗ്ധസമിതിക്ക് ശുപാര്‍ശ ചെയ്യാനാണ് യോഗത്തിലെ തീരുമാനം. 

ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കും. മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയ്ന്‍്മെന്റ് സോണുകളിലും നിയന്ത്രണം കര്‍ശനമാക്കും. അഗ്നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ഓക്സിജന്‍ ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം എത്തിക്കുന്നതിന് ഓക്സിജന്‍ വാര്‍ റൂമും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ആശുപത്രി ചികില്‍സ ആവശ്യമുള്ളവര്‍ അത് ഉറപ്പാക്കുന്നതിനുള്ള ഷിഫ്റ്റിങ് കണ്‍ട്രോള്‍ റൂം, ഡാറ്റാ സെന്റര്‍ എന്നിവയും ആരംഭിച്ചു. കലൂര്‍ മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലാണ് വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഇരുപത്തിയേഴ് സെന്ററുകളിലാണ് വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.