അണക്കരയിൽ അങ്കണവാടിയുടെ സ്ഥലത്ത് അനധികൃത കൃഷി; കയ്യേറ്റം ഒഴിപ്പിച്ചു

ഇടുക്കി അണക്കര കോളനിയിലെ അംഗൻവാടിയുടെ സ്ഥലത്തെ കയ്യേറ്റം റവന്യുവകുപ്പ് ഒഴിപ്പിച്ചു. സ്ഥലത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ അണക്കര സ്വദേശിയാണ് സ്ഥലം കയ്യേറി കൃഷി തുടങ്ങിയത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഉടുമ്പൻചോല താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തി സഥലം പഞ്ചായത്തിന് വിട്ട് നല്‍കിയത്.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ അണക്കര കോളനിയില്‍ സ്വകാര്യവ്യക്തി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗൻവാടി വര്‍ഷങ്ങളായി പ്രവർത്തിച്ച് വന്നിരുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന്  കെട്ടിടം പൊളിച്ച് പുതിയ കെട്ടിട നിര്‍മാണം പഞ്ചായത്ത് ആരംഭിച്ചു. തുടര്‍ന്നാണ് അംഗനവാടിയുടെ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് അയല്‍വാസികൂടിയായ ജോയി രംഗത്തെത്തിയത്. 

നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും സ്ഥലം കയ്യേറി സ്വന്തമാക്കുകയും ചെയ്തതിനെതുടര്‍ന്ന് പഞ്ചായത്ത് ജില്ലാ കലക്ടർക്ക് പരാതി നൽകി. തുടര്‍ന്ന് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ സ്ഥലം പഞ്ചായത്തിന്റെതാണെന്ന് ബോധ്യപ്പെട്ടു. ഇതേതുടര്‍ന്ന് ജോയി സ്ഥലത്ത് നടത്തിയിരുന്ന കൃഷിയും നീക്കം ചെയ്തു. കരാർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതിനാൽ അടുത്ത ദിവസം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.