നിശാപാർട്ടിയെന്ന് ആരോപിച്ച് പഠനശിബിരം അലങ്കോലപ്പെടുത്തി; പൊലീസിനെതിരെ ആരോപണം

പുതുവല്‍സരത്തോടനുബന്ധിച്ച്  ഇടുക്കി സ്വര്‍ഗംമെട്ടില്‍ സംഘടിപ്പിച്ച പഠനശിബിരം നിശാ പാര്‍ട്ടിയെന്നാരോപിച്ച് പൊലീസ് എത്തി അലങ്കോലപ്പെടുത്തുകയായിരുന്നെന്ന് സംഘാടകര്‍. അനധികൃത ക്വാറിമാഫിയയാണ്  ഇതിന് പിന്നിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എല്‍ദോസ് പച്ചിലക്കാടന്‍ആരോപിച്ചു. വിവാദ പരിപാടിയെപ്പറ്റി ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രകൃതി സംരക്ഷണത്തിന്‍റെ സന്ദേശം ജനങ്ങളിലേയ്ക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ  പരിസ്ഥിതി പ്രവര്‍ത്തകന്‍ എല്‍ദോസ് പച്ചിലക്കാടന്‍, ഉട്ടോപ്യ യുണൈറ്റഡ് ഫൗണ്ടേഷൻ എന്ന എൻ. ജി. ഒയുടെ നേതൃത്വത്തിൽ പരിണാമം എന്ന പേരിലാണ്  ഈ പരിപാടി സംഘടിപ്പിച്ചത്. 

കല, സംഗീതം, , ടെലസ്കോപ്പ് വഴി ആകാശ നിരീക്ഷണം, കുട്ടികൾക്കായുള്ള ക്ലാസുകൾ, ട്രെക്കിംഗ് തുടങ്ങിയവ നടത്തനായിരുന്നു  പദ്ധതി.  സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളുള്ള 42 പേരാണ് പങ്കെടുക്കുവാൻ എത്തിയത്. അതിൽ കുടുംബമായി എത്തിയവരും, ഗർഭിണികൾ ഉൾപ്പെടെയുള്ള സ്ത്രീകളും, വിദ്യാർഥികളും, കുട്ടികളുമെല്ലാമുണ്ടായിരുന്നു.  പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി ഒരുക്കിയത്. എന്നാല്‍ ചിലര്‍ പൊലീസിനെയും അധികൃതരെയും തെറ്റിധരിപ്പിച്ച് രാത്രിയില്‍ റെയിഡ് നടത്തുകയായിരുന്നെന്ന് സംഘാടകന്‍ പറയുന്നു.

സ്വര്‍ഗ്ഗംമെട്ടിലെ റവന്യൂ ഭൂമിയില്‍നിന്ന്  പാറ പൊട്ടിച്ച് കടത്തുന്നതിനെതിരെ   രംഗത്തെത്തിയതിലുള്ള ശത്രുതയാണ്   റെയിഡിന് പിന്നിലെന്ന്  ആരോപണം.

മണിക്കൂറുകള്‍ നീളുന്ന റെയിഡ് നടത്തിയിട്ടും ഒരു ലഹരി വസ്തുക്കള്‍ പോലും കണ്ടെത്താനോ മദ്യപിച്ച ആളുകളെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കോവിഡ്  മാനദങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞ് സംഘാടകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.