ചാലക്കുടിയാറില്‍ മണല്‍ബണ്ട് നിര്‍മാണം തുടങ്ങി; ആശ്വാസത്തില്‍ നാട്ടുകാര്‍

ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറാതിരിക്കുന്നതിനായുള്ള മണൽ ബണ്ടിന്റെ നിർമാണം തുടങ്ങി. വടക്കൻ പറവൂരിലെ ഇളന്തിക്കരയെയും കോഴിത്തുരുത്തിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് ബണ്ട് നിർമിക്കുന്നത്. പുഴയിൽ ഓര് വ്യാപിക്കുന്നതിന് മുന്‍പുതന്നെ ബണ്ട് നിർമാണം ആരംഭിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. 

വേനലിൽ പെരിയാറിൽ നിന്നുള്ള ഓരുവെള്ളം ചാലക്കുടിയാറിലേക്ക് കയറുന്നത് പതിവാണ്. ഇത് തടയുന്നതിനായാണ് വടക്കൻ പറവുരിലെ ഇളന്തിക്കരയെയും കോഴിത്തുരുത്തിനെയും  ബന്ധിപ്പിച്ച് ചാലക്കുടിയാറിന് കുറുകെ മണൽ ബണ്ട് നിർമിക്കുന്നത്.‌ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് മണൽ ബണ്ട് നിർമാണം. വേനൽ കടുക്കുമ്പോള്‍ കൊടുങ്ങല്ലൂർ കായലിൽനിന്നുള്ള ഓര് വെള്ളം പെരിയാറിലുടെയാണ് ചാലക്കുടിയാറിലേക്കെത്തുക . കഴിഞ്ഞ വർഷം നവംമ്പർ അവസാനത്തോട് കൂടിയാണ് ബണ്ട് നിർമാണം ആരംഭിച്ചതെങ്കിൽ ഇക്കുറി ഇത് രണ്ടാഴ്ചയോളം വൈകി. ചാലക്കുടിയാറിലേക്ക് ഓര് കയറിയാൽ എറണാകുളം- തൃശൂർ ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലെ കൃഷിയെയും, കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും. 

നിലവില്‍ പുഴയിൽ ഓര് കയറിയിട്ടുണ്ടെങ്കിലും ഇടവിട്ടുള്ള മഴ കര്‍ഷകര്‍ക്ക് ഉള്‍പ്പടെ ആശ്വാസമാകുന്നുണ്ട് .