ഉദ്ഘാടനം നടത്തി; വെള്ളവും വെളിച്ചവുമില്ല; ശുചിമുറി കോംപ്ലക്‌സ് പൊളിക്കുന്നു

pala
SHARE

അഞ്ച് വര്‍ഷം മുന്‍പ് പാലാ നഗരസഭ നിര്‍മാണം പൂര്‍ത്തീകരിച്ച ശുചിമുറി കോംപ്ലക്‌സ്  പൊളിച്ചുകളയാന്‍ നീക്കം. ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളമോ വെളിച്ചമോ എത്താതെ ഉപയോഗശൂന്യമായി കിടന്നിരുന്ന ശുചിമുറിയാണ് ഒരാൾക്ക് പോലും പ്രയോജനം ഇല്ലാതെ പൊളിച്ചുകളയുന്നത്. സ്ഥലത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. 

ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളെത്തുന്ന പാലാ മിനി സിവില്‍ സ്റ്റേഷന് പിന്നിലാണ് 5 മുറികളോട് കൂടി ശുചിമുറി സമുച്ചയം നിര്‍മിച്ചത്. 2019-ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളമോ വൈദ്യുതിയോ എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച ചില തർക്കങ്ങൾ  നീണ്ടതോടെ ശുചിമുറികള്‍ അവഗണിക്കപ്പെട്ടു. ഇന്ന് കാട് മൂടി ഇഴജന്തുക്കളെ പേടിക്കേണ്ട അവസ്ഥയിലാണ് കെട്ടിടവും പരിസരവും. 

പൊതുജനത്തിന് കെട്ടിടം ഉപകരിക്കാതെ പോയെങ്കിലും സാമൂഹ്യവിരുദ്ധര്‍ ഇവിടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്ലോസറ്റുകളും വാഷ്‌ബേസിനും തകര്‍ന്ന നിലയിലാണ്. മദ്യക്കുപ്പികളും മുറികളില്‍ കാണാം. സിവില്‍ സ്റ്റേഷനും സബ് റജിസ്ട്രാര്‍ ഓഫീസിനും മധ്യേയാണ് ശുചിമുറിയുടെ സ്ഥാനം. ഈ കെട്ടിടം പൊളിച്ച് ആര്‍ഡിഒ കോംപ്ലക്‌സ് നിര്‍മിക്കുമെന്നും പകരം 6 ലക്ഷം മുടക്കി പുതിയ ശുചിമുറി പണിയുമെന്നുമാണ്  വിവരം. പൊതുജനത്തിന്റെ നികുതിപ്പണം പാഴാക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.

MORE IN CENTRAL
SHOW MORE