കരാറുകാരൻ മുങ്ങി; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചാലാക്ക സെറ്റിൽമെന്റ്

ഒരുകോടി രൂപ ചെലവിൽ നവീകരിച്ച പട്ടികജാതി കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കുടുംബങ്ങൾ. എറണാകുളം വടക്കൻ പറവൂർ കുന്നുകര ചാലാക്ക സെറ്റിൽമെന്റ് കോളനിയിലാണ് ഈ ദുരവസ്ഥ. കരാറുകാരന്‍ പാതിവഴിയില്‍ മുങ്ങിയതാണ് പദ്ധതി അവതാളത്തിലാക്കിയത്.

രണ്ട് വർഷം മുമ്പ് ഒരു കോടി ചിലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ കോളനിയിലെ വീടുകളും ശുചിമുറികളുമാണിത്. കോണ്‍ക്രീറ്റ് തവിടുപോലെ പൊടിഞ്ഞുപോകുന്നു. ഭിത്തികളില്‍ വിള്ളല്‍. ഏതുനിമിഷവും നിലംപൊത്താവുന്ന നിര്‍മിതികളാണ് കോളനിയിലുള്ളതെന്ന് ഇവിടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.

2017-ൽ സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കിയ അംബേദ്കർ സ്വാശ്രയ പട്ടികജാതി വികസന പദ്ധതിയിലാണ് ചാലാക്ക സെറ്റിൽമെന്റ് കോളനി ഉൾപ്പെട്ടത്. ഒരു നിയോജക മണ്ഡലത്തിലെ ഒരു കോളനിക്ക് അനുവദിച്ച പദ്ധതിയിലേക്ക് കളമശ്ശേരി MLA വി.കെ. ഇബ്രാഹിം കുഞ്ഞ് തിരഞ്ഞെടുത്തത് ഈ കോളനിയാണ്. 66 പട്ടികജാതി കുടുംബങ്ങളുള്ള ഇവിടെ വീടുകളുടെ അറ്റകുറ്റപ്പണി ,സൈഡ് കെട്ട്, ട്രസ്സ് വർക്ക് തുടങ്ങിയവയാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എറണാകുളത്തെ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എന്നാൽ കരാർ നൽകിയ വ്യക്തി പാതിവഴിയിൽ മുങ്ങി. സൈഡ് കെട്ടി നൽകാമെന്ന ഉറപ്പിൽ നല്ല ഫലം നൽകിയിരുന്ന മരങ്ങൾ വെട്ടിമാറ്റിയവരും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.