ആസ്വാദകരെ ചിരിപ്പിച്ച് 'സിൽവർ എപ്പിഡെമിക്'; രാജ്യാന്തര നാടകോത്സവത്തിന് തുടക്കമായി

രാജ്യാന്തര നാടകോല്‍സവത്തിന് തൃശൂരില്‍ തുടക്കം. ബ്രസീലിയന്‍ നാടകമായിരുന്നു ആദ്യത്തേത്. ഇനിയുള്ള ഒന്‍പതു ദിനങ്ങള്‍ തൃശൂരിന് നാടകരാവുകളായിരിക്കും. ബ്രസീലിയന്‍ തെരുവുകളിലെ കാഴ്ചകളായിരുന്നു നാടകത്തിലെ ഓരോ രംഗങ്ങളും.

സില്‍വര്‍ എപ്പിഡെമിക് എന്ന നാടകം നാടകാസ്വാദകരെ രസിപ്പിച്ചു. ഇതിനു മുമ്പ് അരങ്ങില്‍ കാണാത്ത തരം കാഴ്ചകളായിരുന്നു ബ്രസീലിയന്‍ നാടകത്തിന്റെ ഓരോ രംഗങ്ങളും. 60 മിനിറ്റായിരുന്നു ദൈര്‍ഘ്യം. പതിമൂന്നു പേരടങ്ങിയ നാടക കലാകാരന്‍മാരാണ് രാജ്യാന്തര നാടകോല്‍സവത്തില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ നിന്ന് എത്തിയത്.

മൂന്നു വേദികളിലായാണ് നാടകോല്‍സവം. യു.കെയില്‍ നിന്നുള്ള നാടകവും ബംഗ്ലുരുവില്‍ നിന്നുള്ള നാടകവുമാണ് രണ്ടാം ദിനത്തിലെ ദൃശ്യവിരുന്നുകള്‍. നാല്‍പതു ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായി  വിറ്റിരുന്നു. ബാക്കിയുള്ള ടിക്കറ്റുകള്‍ ഓരോ നാടകം തുടങ്ങുന്നതിനു മുമ്പായി വേദിക്കു സമീപത്തെ കൗണ്ടറുകളില്‍ വില്‍ക്കും.