കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിച്ചു; പരാതിയുമായി കർഷകർ; ദുരിതം

തൃശൂര്‍ വരവൂര്‍ മേഖലയില്‍ കാട്ടുപന്നിക്കൂട്ടം ഒട്ടേറെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായി. 

കാടിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം കര്‍ഷകര്‍ക്ക് പേടിസ്വപ്നമാണ് ഇപ്പോള്‍. ദിവസങ്ങളോളം അധ്വാനിച്ചുണ്ടായി കൃഷിയിടങ്ങള്‍ ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചു. നെല്ല്, വാഴ, ചേന തുടങ്ങി കണ്ണില്‍ക്കണ്ടതെല്ലാം ഇളക്കിമറിച്ചാണ് കാട്ടുപന്നികള്‍ കാടുകയറിയത്. വാഴകൃഷിയാണ് കൂടുതലും നശിച്ചത്. ഒരേക്കര്‍ വരുന്ന വാഴകൃഷിയിടം പൂര്‍ണമായും നശിപ്പിച്ചു. വേലിക്കെട്ടി വളച്ച അതിര്‍ത്തി മറികടന്നാണ് കാട്ടുപന്നികളുടെ തേര്‍വാഴ്ച. കാട്ടില്‍ മഴ അവസാനിച്ചതോടെ വെള്ളം തേടി കാട്ടുപന്നിക്കൂട്ടം നാട്ടിലേക്ക് ഇറങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

പാട്ടത്തിെനടുത്ത് കൃഷി ചെയ്യുന്ന നിരവധി പേര്‍ ഈ മേഖലയിലുണ്ട്. ഇവരുടെ സാമ്പത്തിക നഷ്ടം എങ്ങനെ നികത്തുമെന്ന് ഇനിയും വ്യക്തമല്ല. കൃഷിമന്ത്രിയ്ക്കും കലക്ടര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.