പോത്തൻകോട് കാട്ടുപന്നി ആക്രമണം; കൊന്നത് ആയിരത്തോളം മുട്ടക്കോഴികളെ

തിരുവനന്തപുരം പോത്തൻകോട് കാട്ടുപന്നി ആക്രമണം. സ്വകാര്യ ഫാമിലെ ആയിരത്തോളം മുട്ടക്കോഴികളെ ആക്രമിച്ച് കൊന്നു. പോത്തൻകോട് ശാന്തിഗിരിക്കു സമീപം തോപ്പിൽ പൗൾട്രി ഫാമിലെ ആയിരത്തോളം മുട്ടക്കോഴി കുഞ്ഞുങ്ങളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ ചത്തത്. രാവിലെ നോക്കുമ്പോൾ ചത്തു കിടക്കുന്ന നിലയിലാരുന്നു.

കർഷകരായ രഞ്ജിത്തും അരവിന്ദാക്ഷനും ചേർന്ന്  ആറായിരത്തോളം കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. മുട്ടക്കോഴി കുഞ്ഞുങ്ങളായതിനാൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനു മുൻപും പന്നിക്കൂട്ടം കോഴിഫാമിൽ അക്രമം നടത്തിയിട്ടുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ ഈ പ്രദേശത്ത്  നിരന്തരമായി കാർഷിക വിളകൾ നശിപ്പിക്കാറുണ്ട്.

എന്നാൽ അധികൃതർ നടപടിയൊന്നും സ്വീകരിക്കാറില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കർഷകർക്ക് മഴക്കെടുതിക്കു പുറമേ പന്നിശല്യവും കൂടിയായപ്പോൾ ഇരട്ടി ദുരിതമായി.