വന്യമൃഗശല്യം; കർഷകർക്കൊപ്പം വനം പാലകരും; കൊന്നൊടുക്കി കാട്ടുപന്നികളെ

മലയോരത്ത് വന്യമൃഗശല്ല്യം രൂക്ഷമായതോടെ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് രാത്രി സഞ്ചരിച്ച് ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് പിടിക്കുന്ന തിരക്കിലാണ് മേഖലയിലെ വനപാലകര്‍. മലപ്പുറം ജില്ലയില്‍ മലയോര മേഖലയില്‍ കഴിഞ്ഞ  കുറച്ചു ദിവസത്തിനിടെ 59 കാട്ടുപന്നികളെയാണ് കൊന്നൊടുക്കിയത്.

ശല്ല്യക്കാരായ കാട്ടുപന്നികളെയാണ് തിരഞ്ഞു പിടിച്ച് കൊല്ലുന്നത്. ലൈസന്‍സ് തോക്കുളള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പന്നികളെ പിടികൂടുന്നത്. കാട്ടുപന്നികള്‍ കൂട്ടമായി പതിവായെത്തുന്ന കൃഷിയിടങ്ങളില്‍ കാത്തിരുന്നാണ് പിടിക്കുക. കാളികാവ്, കരുവാരകുണ്ട്, ചോക്കാട്, മമ്പാട്, എടവണ്ണ ഭാഗങ്ങളില്‍ നിന്ന് ദിവസവും ഒട്ടേറെ കാട്ടുപന്നികളെ കൊന്നൊടുക്കുന്നുണ്ട്.

കാട്ടുപന്നി നാട്ടുകാരെ ആക്രമിച്ച സ്ഥലങ്ങളിലും തോക്കുമായി സംഘം കാത്തിരിക്കുന്നുണ്ട്. നിലമ്പൂര്‍ മേഖലയില്‍ 26 പേര്‍ക്കാണ് ലൈസന്‍സ് തോക്കുളളത്. വെടിവച്ച് പിടികൂടുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിട്ട ശേഷമാണ് വനം ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്.