റയില്‍വേ സ്റ്റേഷനില്‍ മുന്നൂറ് കിലോ പാന്‍മസാല പിടികൂടി; പരിശോധന കർശനമാക്കി

കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ മുന്നൂറ് കിലോ പാന്‍മസാല പിടികൂടി. അഹമ്മദാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗമെത്തിച്ച ലഹരിയാണ് എക്സൈസും ആര്‍.പി.എഫും ചേര്‍ന്ന് പിടികൂടിയത്. പാഴ്സലില്‍ രേഖപ്പെടുത്തിയിരിക്കുന്ന മേല്‍വിലാസത്തിലെ ഉടമയെ കണ്ടെത്താനായിട്ടില്ല. 

പാഴ്സല്‍ക്കൂട്ടത്തിനൊപ്പമാണ് ലഹരിക്കെട്ടുണ്ടായിരുന്നത്. അന്‍പത് കിലോ വീതം ആറ് ചാക്കുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു. സംശയം തോന്നി ആര്‍.പി.എഫും എക്സൈസും പരിശോധിക്കുകയായിരുന്നു. ഒരുതരത്തിലും ദുര്‍ഗന്ധം പുറത്തേക്ക് വരാത്ത മട്ടിലായിരുന്നു പാന്‍മസാല സൂക്ഷിച്ചിരുന്നത്. അഹമ്മദാബാദ് കോഴിക്കോട് എന്നാണ് ചാക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ മേല്‍വിലാസമില്ലാത്തതിനാല്‍ കടത്തിയവരെ പിടികൂടാന്‍ ൈവകും. ലഹരി പിടികൂടിയാലും ആളെക്കിട്ടാതെ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യക്തതയില്ലാത്ത മേല്‍വിലാസമെന്ന് എക്സൈസ്. 

എക്സൈസും ആര്‍.പി.എഫും ഇരുപത്തി നാല് മണിക്കൂര്‍ നീളുന്ന നിരീക്ഷണമാണ് ട്രെയിനുകളിലും സ്റ്റേഷനുകളിലും തുടരുന്നത്. സംശയം തോന്നുന്നവരുടെ ബാഗുള്‍പ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. ഓണക്കാലം കഴിഞ്ഞാലും രണ്ടാഴ്ച കൂടി സംയുക്ത പരിശോധന തുടരും.