മോഷണങ്ങള്‍ തല്‍സമയം കാണാനുള്ള സംവിധാനവുമായി പൊലീസ്; രാജ്യത്തെ ആദ്യ പദ്ധതി

വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന മോഷണങ്ങള്‍ തല്‍സമയം കാണാനുള്ള സംവിധാനവുമായി പൊലീസ്. പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ കാണുന്ന ദൃശ്യങ്ങള്‍ അതാത് പ്രദേശത്തെ പൊലീസിന് കൈമാറുന്നതോെട മോഷ്ടാക്കളെ ഉടന്‍ പിടികൂടാനാവുമെന്നും പ്രതീക്ഷിക്കുന്നു. കെല്‍ട്രോണുമായി ചേര്‍ന്ന് തയാറാക്കിയ സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം രാജ്യത്തെ ആദ്യത്തെ പദ്ധതിയാണെന്നും പൊലീസ് അവകാശപ്പെടുന്നു

മോഷണം ലൈവായി കാണാന്‍ പൊലീസ് ആസ്ഥാനത്ത് തയാറാക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമാണിത്. പ്രവര്‍ത്തനം എങ്ങിനെയെന്ന് അറിയാന്‍ തൃശൂരിലെ ഒരു ജ്വല്ലറിയില്‍  മോഷണശ്രമം നടക്കുന്നൂവെന്ന് കരുതുക.

അലാറം മുഴങ്ങിയാലുടന്‍ കണ്‍ട്രോള്‍ റൂമിലെ സ്ക്രീനില്‍ ജ്വല്ലറിയിലെ രംഗങ്ങള്‍ ലൈവായി തെളിയും. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍ വിവരവും ലഭിക്കും.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആ സ്റ്റേഷനിലേക്ക് ഫോണ്‍വിളിച്ച് അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് അവിടെയെത്തും. ആ രംഗം പോലും ഇവിടെയിരുന്ന് കാണാം. നിരീക്ഷിക്കാം.

ബാങ്കുകള്‍, എ.ടി.എമ്മുകള്‍ , വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങി വീടുകളില്‍ പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് സിംസ് എന്ന അറിയപ്പെടുന്ന സംവിധാനം തയാറാക്കിയിരിക്കുന്നത്. ഇതിനായി കെല്‍ട്രോണുമായി ബന്ധപ്പെട്ട് സി.സി.ടി.വി ക്യാമറകള്‍ക്ക് പുറമെ സെന്‍സറുകളും കണ്‍ട്രോള്‍ പാനലും സ്ഥാപിക്കണം. അതിന് എണ്‍പതിനായിരം രൂപ വരെ ചെലവാകും. ഒരേ സമയം പത്ത് ലക്ഷം സ്ഥാപനങ്ങളെ വരെ നിരീക്ഷിക്കാനാവും. ഇങ്ങിനെ നിരീക്ഷിക്കുന്നതിന് പ്രതിമാസം അഞ്ഞൂറ് രൂപ മുതല്‍ 2500 വരെ ഈടാക്കും. പൊലീസിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണും ഒരു സ്വകാര്യ കമ്പനിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.