അർധരാത്രി കോൺ. നേതാവിന്റെ വീട്ടിൽ മതിൽ ചാടി ഇരച്ചെത്തി പൊലീസ്; പ്രതിഷേധം

കൊല്ലം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അർധരാത്രി പൊലീസ് അതിക്രമം കാട്ടിയെന്നു പരാതി. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കു പരാതി  നൽകി. സംഭവത്തിൽ പ്രതിഷേധം വ്യാപകമായി. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് കെ. ശിവരാജന്റെ വീട്ടിലാണു കഴിഞ്ഞ അർധരാത്രി ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും സംഘവും മതിൽ ചാടിക്കടന്നെത്തി പരിശോധന നടത്തിയത്.

വീട്ടിൽ മദ്യം ഒളിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് അതിക്രമിച്ചു കടന്നതെന്നു പരാതിയിൽ പറയുന്നു. വാതിലിൽ ഇടിച്ചു ബഹളം വച്ചപ്പോൾ ശിവരാജൻ കതകു തുറന്നു. വീട്ടിലേക്ക് ഇരച്ചു കയറിയ പൊലീസ്, അലമാരയും മറ്റും വലിച്ചുതുറന്നു സാധനങ്ങൾ വാരിവലിച്ചിട്ടെന്നും പരാതിയിൽ പറയുന്നു. കാൻസറിനു ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ മുറിയിലും പൊലീസ് പരിശോധന നടത്തി. ഒരു മണിക്കൂറോളം വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല.

പരിശോധനയിൽ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് എഴുതിനൽകണമെന്നു ശിവരാജൻ ആവശ്യപ്പെട്ടതോടെ പൊലീസ് വെട്ടിലായി. ഒന്നും കണ്ടെടുക്കാനായില്ലെന്നു സെർച്ച് ലിസ്റ്റ് എഴുതി നൽകി മടങ്ങി. തനിക്കുണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ശിവരാജൻ അതോറിറ്റിയെ സമീപിച്ചത്. മദ്യം സൂക്ഷിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നും വിവരം തെറ്റാണെന്നു ബോധ്യപ്പെട്ടപ്പോൾ ക്ഷമ പറഞ്ഞെന്നുമാണു ഇരവിപുരം പൊലീസിന്റെ വിശദീകരണം.