ഗുളിക കൊടുക്കാൻ കൊച്ചിയിൽനിന്ന് കോട്ടയത്തേക്ക് ഡിജിപിയുടെ ‘ബന്ധു’; നട്ടാൽ മുളയ്ക്കാത്ത നുണകൾ

   ഈ ലോക്ഡൗൺ കാലത്തു രാവും പകലും കാവൽ നിൽക്കുന്ന പൊലീസ് കേട്ടതു നട്ടാൽ മുളയ്ക്കാത്ത നുണകൾ. നേരെന്നു തോന്നുന്ന, ‘കരളലിയിക്കുന്ന’ ആ കള്ളങ്ങൾ കേട്ടാൽ ഒരേ സമയം ചിരിയും വേദനയും തോന്നും. പൊലിസുകാർക്ക് വേണ്ടിയാണോ ഈ ലോക്ഡൗൺ എന്ന് പോലും ചിന്തിച്ചുപോകും. അത്തം ചില സംഭവങ്ങളാണിവിടെ വാർത്തയാകുന്നത്. പെരുമ്പാവൂരിൽ, മീശമുളയ്ക്കാത്ത പത്തൊൻപതുകാരൻ പൊലീസിനു മുന്നിൽപെട്ടു. ലൈസൻസില്ല. എവിടേക്കു പോകുന്നുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. പൊലീസൊന്നു സ്വരം കടുപ്പിച്ചു. ആശുപത്രിയിലെ തൂപ്പുകാരിയായ സുഹൃത്തിനെ ആശുപത്രിയിൽ വിട്ട ശേഷം മടങ്ങുന്നുവെന്നായിരുന്നു മറുപടി. ലോക്ഡൗണിന് പുറത്തിറങ്ങിയതിന് മാത്രമല്ല ലൈസൻസില്ലാതെ വാഹനമോടിച്ചതിനും കേസെടുത്തു.

തൃപ്പൂണിത്തുറയിൽ പക്ഷേ, പൊലീസിന്റെ പിടിയിൽ പെട്ടത് ‘ഡിജിപിയുടെ ബന്ധു’ ആയിരുന്നു. പുതിയകാവ് കവലയിലാണു സംഭവം. സ്കൂട്ടറിൽ എത്തിയ യുവാവ് ആദ്യം പറഞ്ഞത്, ഫോർട്ട്‌കൊച്ചിയിൽ നിന്നു കോട്ടയം വരെ പോവുകയാണെന്നാണ്. സുഹൃത്തിന്റെ അമ്മയ്ക്ക് പ്രഷറിന്റെ ഒരു സ്ട്രിപ് ഗുളിക കൊടുക്കണം. ഒരു സ്ട്രിപ് ഗുളിക കൊടുക്കാൻ വേണ്ടി കോട്ടയം വരെയോ എന്നു ചോദിച്ചപ്പോൾ, ഉടനെത്തി ഡിജിപി ബന്ധം. ‘ഞാൻ ഡിജിപിയുടെ അടുത്ത ആളാണ്‌ വിട്ടേ പറ്റൂ..’ പന്തികേടു തോന്നിയ പൊലീസുകാർ ‘എങ്കിൽ ചേട്ടൻ ഡിജിപിയെ ഇപ്പോൾ തന്നെ വിളിക്ക്, എന്നിട്ടു പോയാൽ മതി’ എന്നായി. അര മണിക്കൂറിനിടെ യുവാവ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ‘ഡിജിപി’യെ കിട്ടാത്തതു കൊണ്ടാകണം,ഒരക്ഷരം മിണ്ടാതെ വന്ന വഴിയേ തിരിച്ചുപോയി.

അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ കാലു പിടിക്കുന്നില്ലെന്നു മാത്രമേയുള്ളൂവെന്നു പൊലീസ്. പലരോടും വീട്ടിലേക്കു മടങ്ങാൻ യാചിക്കുകയാണു ചെയ്യുന്നത്. സമ്പൂർണ ലോക്ഡൗൺ ദിവസങ്ങൾ പിന്നിട്ടിട്ടും പലരും ഗൗരവത്തിലെടുത്തിട്ടില്ലെന്നതു തലവേദനയുണ്ടാക്കുന്നതായും പൊലീസ് പറയുന്നു. ഇതൊക്കെ പൊലീസിന്റെ ഒരു മുഖം മാത്രമാണ്. ഊണും ഉറക്കവുമില്ലാതെയാണു പല പൊലീസുകാരും വെയിലും പൊടിയുമൊക്കെ സഹിച്ചു നിരത്തിൽ കാവൽ നിൽക്കുന്നത്. അവരുടെ സ്വഭാവം ഏതു നിമിഷവും മാറിയേക്കാം. അത്രമാത്രം പിടിവിട്ടു നിൽക്കുന്നവരാണവർ, കാഴ്ചകൾ കാണാനുള്ള അനാവശ്യ യാത്ര ഒഴിവാക്കുന്നതാണു ആരോഗ്യത്തിന് നല്ലത്.