റെയ്ഡ് വിവരം ചോര്‍ത്തി നല്‍കി; ചീട്ടുകളി കേസിൽ നിന്നും സിഐയെ മാറ്റി

കോട്ടയം മണർകാട് ക്രൗൺ ക്ലബില്‍ ചീട്ടുകളി പിടികൂടിയ കേസിന്‍റെ അന്വേഷണച്ചുമതലയിൽ നിന്ന് മണർകാട് സി.ഐയെ മാറ്റി. സി.ഐ ആർ. രതീഷ്കുമാറും കേസിലെ പ്രതിയായ ക്ലബ് സെക്രട്ടറിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെയാണ് നടപടി. റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയത് വ്യക്തമാക്കുന്ന സി.ഐ, പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും ഉപദേശം നല്‍കുന്നുണ്ട്. ഫോണ്‍സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. 

ഈ മാസം പതിനൊന്നിനാണ് മണര്‍കാട് പൊലീസ് സ്റ്റേഷന് സമീപമുള്ള ക്രൗണ്‍ക്ലബിള്‍ ചീട്ടുകളി പിടികൂടിയത്. 17ലക്ഷം രൂപയ്ക്കൊപ്പം 43 പേരെ അറസ്റ്റ് ചെയ്തു. റെയ്ഡ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ക്ലബ് സെക്രട്ടറി മാലം സുരേഷുമായുള്ള മണര്‍കാട് സി.ഐ രതീഷ്കുമാറിന്‍റെ ഫോണ്‍ സംഭാഷണം. റെയ്ഡ് വിവരം സി.ഐ ചോര്‍ത്തിയതിന്‍റെ സൂചനകള്‍ സംഭാഷണത്തിലുണ്ട്.

ഫോൺ സംഭാഷണത്തെപ്പറ്റി നടത്തിയ അന്വേഷണത്തിൽ രതീഷ് കുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ ചുമതല മാറ്റിയത്. ക്ലബിന്‍റെ സെക്രട്ടറി മാലം സുരേഷും മണര്‍കാട് സി.ഐ രതീഷ്കുമാറും തമ്മിലുള്ള ബന്ധം മനസിലാക്കി പാമ്പാടി സി.ഐയെയാണ് എസ്.പി റെയ്ഡിന് നിയോഗിച്ചത്. മഹസര്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളുടെ ചുമതലയാണ് മണര്‍കാട് സി.ഐക്ക് നല്‍കിയിരുന്നത്.